മുംബൈ; നടന്‍ നവാസുദ്ദീന്‍ സിദ്ധിഖിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കുമെന്ന് ഭാര്യ ആലിയ. കുട്ടികളുടെ ഭാവിയ്ക്ക് വേണ്ടി താന്‍ സിദ്ദിഖിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് ആലിയ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഞാന്‍ നവാസുദ്ദീനുമായി ഒത്തു തീര്‍പ്പിന് തയ്യാറാണ്. വിവാഹമോചന ഹര്‍ജി പിന്‍വലിക്കും. നവാസുദ്ദീന്റെ സഹോദരന്‍ ഷമാസുമായുള്ള പ്രശ്‌നങ്ങളും പരിഹരിക്കും. നവാസുദ്ദീന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനുണ്ട്. എനിക്ക് കോവിഡ് വന്ന സമയത്ത് കുട്ടികളെ നന്നായി നോക്കി. കുട്ടികളും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തോടൊപ്പം നല്ലൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു- ആലിയ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം മെയിലാണ് ആലിയ, സിദ്ദിഖിയ്‌ക്കെതിരേ വിവാഹമോചന കേസ് നല്‍കിയത്. ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 

'ഞങ്ങള്‍ തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങളും പൊരുത്തക്കേടുകളും ഉണ്ട്. അതൊന്നും പൊതുജനങ്ങളോട് പറയാന്‍ എനിക്ക് താല്‍പര്യമില്ല. പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്. അത് നഷ്ടമായിരിക്കുന്നു. ഇനി ഞാന്‍ ആലിയയല്ല, എന്റെ യഥാര്‍ഥ പേരിലേക്ക് മടങ്ങിപ്പോകുന്നു, അഞ്ജലി കിഷോര്‍ സിംഗ്'- അവര്‍ ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

നവാസുദ്ദീന്‍ സിദ്ധിഖിയുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങള്‍ ഉണ്ടായിരുന്നു. അതിലേറ്റവും വിവാദമായത്  മുന്‍ മിസ് ഇന്ത്യ മത്സരാര്‍ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങ്ങുമായുള്ള ഒന്നര വര്‍ഷത്തോളം നീണ്ട ബന്ധത്തെക്കുറിച്ചും നവാസുദ്ധീന്‍ തന്റെ ആത്മകഥ 'ആന്‍ ഓര്‍ഡിനറി ലൈഫ് : എ മെമ്മോയറി'ല്‍ പറഞ്ഞ കാര്യങ്ങളായിരുന്നു. ഇരുവരും തമ്മിലുള്ള  സൗഹൃദം വളര്‍ന്ന് ശാരീരികബന്ധം വരെ എത്തിയതും താനും മറ്റൊരു ജൂത പെണ്‍കുട്ടിയും തമ്മിലുള്ള  ബന്ധം  നിഹാരിക കണ്ടുപിടിച്ചതും തന്റെ പേരില്‍ ഈ ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അവള്‍ക്ക് നിഹാരിക മെയില്‍ അയച്ചതുമെല്ലാം ആത്മകഥയിലൂടെ നവാസ് പരസ്യമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലം പച്ചക്കള്ളമാണെന്നും പുസ്തകം വിറ്റുപോകണമെന്ന ഉദ്ദേശത്തില്‍ നവാസ് വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും തുറന്ന് പറഞ്ഞ് നിഹാരിക രംഗത്തെത്തി.

Content Highlights: Nawazuddin Siddiqui's wife Aaliya ready to resolve divorce case