സിനിമാ പ്രേക്ഷകര്‍ ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് തിമിഴിലെ  മുന്‍നിര സംവിധായകനായ കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം. ഈ ചിത്രത്തിനെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ് പുതിയ വാര്‍ത്ത. ബോളിവുഡിലെ സൂപ്പര്‍താരം നവാസുദ്ദീന്‍ സിദ്ദിഖി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഒപ്പം ചിത്രത്തിലെ നായികയായി സിമ്രാന്‍ എത്തുന്നതുമാണ് മറ്റൊരു പ്രധാന വാര്‍ത്ത. 

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സണ്‍ പിക്ചേഴ്സാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവിട്ടത്. തമിഴിലെ സൂപ്പര്‍ താരങ്ങളിലൊരാളായ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായ നവാസുദ്ദീന്‍ സിദ്ദീഖിയും ചിത്രത്തില്‍ എത്തുന്നത്. ഇത് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.

ചിത്രത്തിലെ നായികയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും സിമ്രാന്റെ കടന്നുവരവ് അപ്രതീക്ഷിതമാണ്. ബോബി സിംഹ, സനന്ത് റെ്ഡ്ഡി എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ രജനിയുടെ ആമുഖ ഗാനം പാടിയിരിക്കുന്നത് എസ്.പി ബാലസുബ്രമണ്യമാണെന്ന പ്രത്യേകതയും ഉണ്ട്.

content highlights: Nawazuddin Siddiqui join Rajinikanth-Karthik Subbaraj film