യുവതലമുറയ്ക്കിടയില്‍ തരംഗമായ കീറിയ മാതൃകയിലുളള ജീന്‍സിനെ കുറിച്ചുളള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നവ്യ നവേലി നന്ദ. അമിതാഭ് ബച്ചന്റെ കൊച്ചുമകളും സ്ത്രീകള്‍ക്ക് തുല്യഅവസരങ്ങള്‍ ഒരുക്കുന്നതിനും അവരെ സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനും വേണ്ടി രൂപീകരിച്ച പ്രൊജക്ട് നവേലി എന്ന സംഘടനയുടെ സ്ഥാപകയുമാണ് ഇവര്‍. 

ഞങ്ങളുടെ വസ്ത്രം മാറ്റുന്നതിന് മുന്‍പ് നിങ്ങളുടെ മനോഭാവം മാറ്റൂ. കാരണം ഇവിടെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം എന്താണെന്നു വച്ചാല്‍ ഇത്തരം സന്ദേശങ്ങളും വാക്കുകളും സമൂഹത്തിലേക്ക് പോകുന്നുവെന്നതാണ്- നവ്യ വ്യക്തമാക്കി.

ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മിഷന്‍ നടത്തിയ ഒരു വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നതിനിടയിലാണ് കീറിയ ജീന്‍സിനെ കുറിച്ചുളള പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്. 

കീറിയ ജീന്‍സിട്ട ഒരു സ്ത്രീ സന്നദ്ധസംഘടനാ പ്രവര്‍ത്തനം നടത്തുന്നത് കണ്ട് താന്‍ ഞെട്ടിയെന്നും ഇവര്‍ ഇത്തരം വേഷവിധാനത്തിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

'ഇത്തരത്തിലുളള ഒരു സ്ത്രീ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സമൂഹത്തിലേക്കിറങ്ങുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയാണെങ്കില്‍ നാം എന്തുതരത്തിലുളള സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നത്? ഇതെല്ലാം ആരംഭിക്കുന്നത് വീട്ടില്‍ നിന്നാണ്. നാം എന്തുചെയ്യുന്നോ അത് നമ്മുടെ കുട്ടികള്‍ പിന്തുടരും. വീട്ടില്‍ ശരിയായ സംസ്‌കാരം പഠിപ്പിക്കുന്ന കുട്ടി അവന്‍ എത്ര ആധുനികരായാലും ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല.'  മുഖ്യമന്ത്രി പറഞ്ഞു. 

കുട്ടികള്‍ നഗ്‌നമായ കാല്‍മുട്ട് പ്രദര്‍ശിപ്പിക്കുന്നതില്‍ അസംതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിദേശീയര്‍ ഇന്ത്യയുടെ യോഗയും ദേഹം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രധാരണവും പിന്തുടരാന്‍ ശ്രമിക്കുമ്പോള്‍ നാം നഗ്‌നതയ്ക്ക് പിറകേയാണ് പോകുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തി. കീറിയ ജീന്‍സ് ധരിക്കുന്നത് നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത് ബി.ജെ.പി. ഇത് അംഗീകരിക്കുന്നുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായുടെ പ്രതികരണം. ഇതാണോ ആധുനിക ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ മാനസികാവസ്ഥയെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ചോദിച്ചത്.

Content Highlights: Navya Naveli Nanda on Uttarakhand Chief Minister Tirath Singh Rawat’sripped jeans remark,  change your mentality