നടി നവ്യാനായർ, സംവിധായകൻ വി.കെ. പ്രകാശ്, നിർമാതാവ് കെ.വി. അബ്ദുൽ നാസർ എന്നിവർ ഒരുത്തിയുടെ പ്രിവ്യുഷോ കാണാനെത്തിയപ്പോൾ
പൊന്നാനി: നന്ദനത്തിലെ ബാലാമണിയായി പ്രേക്ഷക മനസ്സിലിടംനേടിയ നവ്യാ നായര്‍ ഒരു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മലയാളസിനിമയില്‍ തിരിച്ചെത്തുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തി'യിലൂടെയാണ് രണ്ടാംവരവ്. ചിത്രം 18-ന് തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ 'പ്രിവ്യു' ബുധനാഴ്ച പൊന്നാനിയിലെ ഐശ്വര്യ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. നായിക നവ്യാ നായര്‍, സംവിധായകന്‍ വി.കെ. പ്രകാശ്, നിര്‍മാതാവ് കെ.വി. അബ്ദുല്‍ നാസര്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു.
ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെ മനോധൈര്യംകൊണ്ട് നേരിടുന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ കഥപറയുന്ന ചിത്രത്തില്‍ രാധാമണിയെന്ന കേന്ദ്രകഥാപാത്രമായാണ് നവ്യാനായര്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നത്. പെണ്‍പോരാട്ടത്തിന്റെ കഥപറയുന്ന ചിത്രത്തെ ഏറേ പ്രതീക്ഷയോടെയാണ് ഏവരും നോക്കിക്കാണുന്നത്. കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് ചിത്രം. വിനായകന്‍ പോലീസ് വേഷത്തിലാണെത്തുന്നത്. സി.കെ. ആന്റണി എന്ന ശക്തനായ സബ് ഇന്‍സ്പെക്ടറായാണ് വിനായകന്‍ വേഷമിട്ടിരിക്കുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രംകൂടിയാണിത്. സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അക്ബര്‍ ട്രാവല്‍സ് എം.ഡി. കെ.വി. അബ്ദുല്‍ നാസറാണ് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ പത്താമത്തെ ചിത്രമാണിത്. എസ്. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ആലങ്കോട് ലീലാകൃഷ്ണന്‍, ബി.കെ. ഹരിനാരായണന്‍, അബ്രു മനോജ് എന്നിവരാണ് ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോള്‍ എഡിറ്ററും ഡിക്‌സണ്‍ പൊടുതാസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ജോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്.
Content Highlights: Navya Nair, Oruthee Movie, VK Prakash, Film Preview, Oruthee Releases on February 18
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..