ഒരു ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. ഒരുത്തീ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മമ്മൂട്ടിയും മഞ്ജു വാര്യരും സോഷ്യല്‍മീഡിയയിലൂടെ പുറത്തു വിട്ടു.
പോസ്റ്ററില്‍ നവ്യയുടെ മുഖത്തോടൊപ്പം ഇന്ത്യന്‍ ഭരണഘടനയിലെ വരികള്‍ മങ്ങിക്കാണാം. ഒരുത്തീ എന്ന ടൈറ്റിലില്‍ തീയെന്ന വാക്കിന് ഈന്നല്‍ നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദി ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍. ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായാണ് നവ്യ തിരിച്ചു വരുന്നത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍.
വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിര്‍മാണം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറുമാണ്. ഡോ മധു വാസുദേവന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്ന വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കുന്നു.
Content Highlights : Navya Nair movie Oruthee poster released by Mammooty and Manju Warrier