നവ്യാ നായർ, ടി.പി മാധവൻ | ഫോട്ടോ: സ്ക്രീൻ ഗ്രാബ്
കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടി പി മാധവനെ കണ്ട് വികാരാധീനയായി നടി നവ്യ നായർ. ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു നവ്യ. ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച അദ്ദേഹം താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നവ്യ പറഞ്ഞു.
ഇവിടെ വന്നപ്പോൾ ടി പി മാധവൻ ചേട്ടനെ കണ്ടു. കല്യാണരാമൻ, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഷോക്കായി പോയി. എന്റെ അച്ഛനമ്മമാരേക്കാൾ മുകളിൽ ഞാൻ ആരെയും കണക്കാക്കിയിട്ടില്ല. അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് മനസിലായെന്നും അവർ പറഞ്ഞു.
"മാതാ പിതാ ഗുരു ദൈവം എന്നാണ് ചെറുപ്പം മുതൽ പഠിക്കുന്നത്. അങ്ങനെയല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛനമ്മമാർ ഉണ്ട്. അവർക്കായി എന്ത് ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് അറിയില്ല. പക്ഷേ എന്റെ കഴിവിന്റെ പരിധിക്കുള്ളിൽ നിന്ന് അവർക്കായി ഒരു നൃത്തം അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം". നവ്യ പറഞ്ഞു.
ഈ ലോകത്ത് സർവ ആരോഗ്യത്തോടുകൂടിയും മാതാപിതാക്കളുടെ സംരക്ഷണത്തോടുകൂടിയും ജീവിക്കാൻ കഴിയുക എന്നുള്ളതാണ് ഒരു വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന്. അങ്ങനെ കിട്ടിയ ഒരാളാണ് ഞാനും എന്റെ മകനും. പക്ഷേ എന്താണ് കിട്ടിയതെന്ന് അവന് മനസിലാവണമെങ്കിൽ മറ്റുള്ളവർക്ക് എന്താണ് കിട്ടാത്തതെന്ന് അവൻ കാണണമെന്നും നവ്യ കൂട്ടിച്ചേർത്തു.

Content Highlights: navya nair meets actor tp madhavan at gandhibhavan pathanapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..