രാജമൗലിയും നൃത്തസംവിധായകൻ പ്രേംരക്ഷിത്തും | ഫോട്ടോ: പി.ടി.ഐ
ഓസ്കര് എന്ന സ്വപ്‌നനേട്ടത്തിലേക്ക് അടുത്തിരിക്കുകയാണ് ആര്‍.ആര്‍.ആറും ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനവും. തിയേറ്ററിലും സോഷ്യല്‍ മീഡിയയിലും പ്രേക്ഷകര്‍ ആഘോഷമാക്കിയ നാട്ടു നാട്ടുവിന്റെ ചുവടുകള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം തെലുങ്കിലെ മുന്‍നിര നൃത്തസംവിധായകനായ പ്രേംരക്ഷിത് ആണ്. ആര്‍.ആര്‍.ആറിലെ നൃത്തരംഗങ്ങള്‍ തന്നെ ഏല്പിച്ച സംവിധായകന്‍ രാജമൗലിയോടുള്ള നന്ദി അറിയിച്ചിരിക്കുകയാണ് പ്രേംരക്ഷിത്.
രാജമൗലി തന്നേക്കുറിച്ച് പറയുന്ന ഒരു വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടാണ് പ്രേംരക്ഷിത്തിന്റെ നന്ദി പ്രകടനം. തന്റെ ഗുരുവെന്നാണ് സംവിധായകനെ പ്രേം വിശേഷിപ്പിച്ചിരിക്കുന്നത്. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്. തന്റെ ജോലി ആസ്വദിച്ചതിലും സംഭാവനയെ അഭിനന്ദിച്ചതിലും വളരെയേറെ സന്തോഷമുണ്ട്. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും ആര്‍.ആര്‍.ആറിന്റെ വിശ്വസ്തനായ നൃത്തസംവിധായകനെന്ന നിലയില്‍ ഒരിക്കല്‍ക്കൂടി കഴിവുതെളിയിക്കാന്‍ അവസരം നല്‍കിയതിലും നന്ദിയുണ്ട്. ഒരുപാടിഷ്ടം എന്നാണ് പ്രേംരക്ഷിത് ട്വീറ്റ് ചെയ്തത്.
തനിക്കും രാം ചരണിനും ജൂനിയര്‍ എന്‍.ടി.ആറിനുമൊപ്പം മുമ്പും ജോലി ചെയ്തയാളാണ് പ്രേംരക്ഷിത് എന്നാണ് രാജമൗലി പറഞ്ഞത്. 'രാം ചരണിനും എന്‍.ടി.ആറിനും മറക്കാനാവാത്ത നൃത്തച്ചുവടുകള്‍ നല്‍കിയ കോറിയോഗ്രാഫറാണ് അദ്ദേഹം. അവരുടെ സ്റ്റൈല്‍, ശരീരഭാഷ, എന്താണ് അവരില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത് എന്നിവയേക്കുറിച്ചെല്ലാം പ്രേമിന് കൃത്യമായി അറിയാം. പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല നൂറ് കണക്കിന് സ്‌റ്റെപ്പുകളാണ് ആര്‍.ആര്‍.ആറില്‍ ഈ രണ്ട് താരങ്ങള്‍ക്കുമായി നാട്ടു നാട്ടു എന്ന വരിയില്‍ പ്രേം രക്ഷിത് പരീക്ഷിച്ചത്. അതില്‍ നിന്ന് മൂന്ന് നാല് വേരിയേഷനുകള്‍ തിരഞ്ഞെടുക്കാന്‍ ഞാനും ബുദ്ധിമുട്ടി. ഗാനത്തിന്റെ ആദ്യ ക്രെഡിറ്റ് പ്രേം രക്ഷിത്തിനാണ്.' രാജമൗലിയുടെ വാക്കുകള്‍.
രണ്ട് താരങ്ങളും ഗാനരംഗത്തിലുടനീളം ഒരുമിച്ച് നൃത്തം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നായിരുന്നു രാജമൗലി നിര്‍ദേശിച്ചതെന്ന് ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ച അവസരത്തില്‍ പ്രേം രക്ഷിത് പറഞ്ഞിരുന്നു. കഥയുടെ പ്രധാന ഭാഗം ഇതാണെന്നും പ്രത്യേകം പറഞ്ഞിരുന്നു. രണ്ട് നായകന്മാരിലും മാത്രമായിരിക്കണം ആളുകളുടെ ശ്രദ്ധ. ഒരിക്കലും അത് പിന്നണി നര്‍ത്തകരിലേക്ക് പോകരുത്. ഒരുമിച്ച് വരുന്ന ഷോട്ടുകളില്‍ ഇരുകഥാപാത്രങ്ങളുടേയും അടുപ്പം, ഊര്‍ജം എന്നിവ എടുത്ത് നില്‍ക്കണം. നൃത്തച്ചുവടുകള്‍ ഒരുക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും അന്ന് പ്രേം രക്ഷിത് വ്യക്തമാക്കിയിരുന്നു.
വിക്രമാര്‍ക്കുഡു, യമദൊംഗ, മഗധീര, ബാഹുബലി സീരീസ് എന്നിവയാണ് പ്രേം രക്ഷിത്തും രാജമൗലിയും ഇതിനുമുമ്പ് ഒരുമിച്ച ചിത്രങ്ങള്‍. ഇതില്‍ ബാഹുബലി രണ്ടാം ഭാഗത്തിലെ പ്രഭാസും അനുഷ്‌കയും ചേര്‍ന്നുള്ള പ്രശസ്തമായ അമ്പെയ്ത്ത് രംഗം ചിട്ടപ്പെടുത്തിയത് പ്രേം രക്ഷിത് ആണ്. എം.എം. കീരവാണിയെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനര്‍ഹമാക്കിയ ഗാനം കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്നാണ് ആലപിച്ചത്. ചന്ദ്രബോസിന്റേതാണ് വരികള്‍.
Content Highlights: nattu nattu choreographer prem rakshit about ss rajamouli, rrr movie, oscars 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..