ന്യൂഡല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് വാജ്‌പേയിയും നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിയും സ്വീകരിച്ചു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സ്വീകരിച്ചു.

51-ാമത് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നല്‍കി നടന്‍ രജനികാന്തിനെ ആദരിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നാണ് രജനികാന്ത് പുരസ്‌കാരം ഏറ്റുവാങ്ങിയത്. രജനിയുടെ ഭാര്യ ലത രജനികാന്ത്, മകള്‍ ഐശ്വര്യ രജനികാന്ത് തുടങ്ങിയവരും ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. രജനികാന്തും മരുമകന്‍ ധനുഷും ഒരേ ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത് കൗതുകകരമായ കാഴ്ചയായിരുന്നു.

മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാ വര്‍മയും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമയുടെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങി. 

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം രഞ്ജിത് അമ്പാടിയും ചയമത്തിനുള്ള പുരസ്‌കാരം സുജിത്ത് സുധാകരന്‍, സായി എന്നിവരും സ്വീകരിച്ചു. ജെല്ലിക്കെട്ടിന്റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. റസൂല്‍പൂക്കുട്ടി, ബിബിന്‍ ദേവ് എന്നിവര്‍ക്കാണ് ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം. ജിന്‍ ബാബുവിന്റെ 'ബിരിയാണി' സിനിമയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.

Content Highlights: National Film Awards, Dhanush, Kangana Ranaut, Manoj Bajpayee Rajanikanth Priyadarshan receive awards