സിനിമയില്‍ ആറ് പതിറ്റാണ്ടുകള്‍, തമിഴിലും മലയാളത്തിലും തെലുങ്കിലും കന്നടയിലുമായി 800 ലേറെ ചിത്രങ്ങള്‍, ഒരു ദേശീയ പുരസ്കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍. തെന്നിന്ത്യന്‍ സിനിമയുടെ പഴയതലമുറയുടെ പ്രിയ കോസ്റ്റ്യൂം ഡിസൈനര്‍ നടരാജന് വിടവാങ്ങി...
നടരാജണ്ണന്‍ എന്നാണ് സിനിമയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. തിക്കുറിശി, സത്യന് , മധു, നസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിങ്ങനെ വിവിധ തലമുറയില്‍പ്പെട്ടവര്‍ക്കൊപ്പം നടരാജന് പ്രവര്‍ത്തിച്ചു. മറ്റു ഭാഷകളില്‍ ശിവാജി ഗണേശന്, എം.ജി.ആര്, ജമിനി ഗണേശന്, രജനി, കമല്‍ തുടങ്ങിവരുടെ ചിത്രങ്ങളിലും.
വസ്ത്രാലങ്കാര രംഗത്ത് സഹായിയുടെ വേഷത്തിലായിരുന്നു നടരാജന്റെ തുടക്കം. അന്നത്തെ കാലത്ത് തമിഴില്‍
വസ്ത്രാലങ്കാരം ചെയ്തിരുന്ന ഗണേശനായിരുന്നു ഗുരു. 1953 ല്‍ രാമു കാര്യാട്ടിന്റെ നീലക്കുയിലിന് വേണ്ടിയാണ് ആദ്യമായി സ്വതന്ത്രമായി വസ്ത്രാലങ്കാരം ചെയ്തത്. കഞ്ഞിയും ചുട്ടപപ്പടവും 60 രൂപയുമായിരുന്നു നീലക്കുയിലില്‍ നടരാജന്റെ പ്രതിഫലം.
മലയാളത്തില്‍ ഹരിഹരന്റെ ചിത്രങ്ങളില്‍ ഒട്ടുമിക്കതിലും നടരാജനായിരുന്നു വസ്ത്രാലങ്കാരം. ഒരു വടക്കന്‍ വീരഗാഥയില്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്കാരം നേടി. എന്നാല്‍ നടരാജന്റെ പേരിന്റെ സ്ഥാനത്ത് കലാസംവിധായകന്‍ കൃഷ്ണമൂര്‍ത്തിയുടെ പേരാണ് തെറ്റി പ്രഖ്യാപിച്ചത്. ദേശീയ പുരസ്കാരത്തിന്റെയും വടക്കന്‍ വീരഗാഥയുടെയും വിക്കിപീഡിയ പേജിലും ഇതേ ആശയകുഴപ്പമുണ്ട്. ഹരിഹരനൊപ്പമുള്ള കൂട്ടുകെട്ട് നടരാജന് പിന്നെയും ആവര്‍ത്തിച്ചു. 2008 ല്‍ പഴശ്ശിരാജയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയെത്തി. അടുത്ത ചിത്രമായ ഏഴാമത്തെ വരവിലേക്കും (2013) ഹരിഹരന് നടരാജനെ വിളിച്ചിരുന്നു. എന്നാല്‍ അനാരോഗ്യം കാരണം അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചത്. നേരിട്ടു പങ്കാളിയായില്ലെങ്കിലും മേല്‍നോട്ടത്തിനായി നടരാജന് സെറ്റിലെത്തിയിരുന്നു. വാര്‍ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു നടരാജന്.
content highlights : National award winner costume designer Natarajan remembrance oru vadakkan veeragatha pazhassiraja
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..