മുംബൈ : ലവ് ജിഹാദ് വിഷയത്തിൽ വീണ്ടും നിലപാട് വിശദീകരിച്ച് നടൻ നസറുദ്ദീൻ ഷാ. ലവ് ജിഹാദ് എന്നത് പുരുഷാധിപത്യത്തിന്റെ പ്രദർശനം മാത്രമാണെന്ന്‌ ബോളിവുഡ് താരം നസറുദ്ദീൻ ഷാ പറഞ്ഞു. എന്താണീ ലവ് ജിഹാദ്? അത് പുരുഷാധിപത്യത്തിന്റെ പ്രദർശനം മാത്രമാണ്.

സ്ത്രീകൾക്ക് ബുദ്ധിയില്ലെന്നും അവരെ വിശ്വസിക്കാനാവില്ലെന്നും അവരെ എളുപ്പത്തിൽ കീഴ്‌പ്പെടുത്താമെന്നുമാണ് അത് പറഞ്ഞുവെക്കുന്നതെന്ന് നസറുദ്ദീൻ ഷാ വ്യക്തമാക്കി.

ഇപ്പോൾ രാജ്യത്ത് തീരുമാനങ്ങളെടുക്കുന്ന രീതിയിൽ എനിക്ക് വലിയ രോഷമുണ്ട്. യു.പി.യിൽ നടക്കുന്ന ലവ് ജിഹാദ് പോലുള്ള കാര്യങ്ങൾ നോക്കൂ. ഒന്നാമതായി ഈ പ്രയോഗത്തിന്റെ അർഥം അതുണ്ടാക്കിയവർക്ക് പോലും അറിയില്ല. മുസ്‌ലിങ്ങൾ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്ന് ചിന്തിക്കുന്നതുതന്നെ വിഡ്ഢിത്തമാണെന്ന് കരുതുന്നെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദ് നിയമം ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള സമ്പർക്കം ഇല്ലാതാക്കാൻ കൊണ്ടുവന്നതാണെന്നും നസറുദ്ദീൻ ഷാ പറഞ്ഞു.

അവരുടെ ലക്ഷ്യം മറ്റു മതവിശ്വാസികളുമായുള്ള വിവാഹം ഇല്ലാതാക്കുക മാത്രമല്ല. അവർ തമ്മിലുള്ള ആശയവിനിമയംകൂടി റദ്ദ് ചെയ്യുക എന്നതാണ്. ഞാൻ എന്റെ കുട്ടികളെ എല്ലാ മതങ്ങളെക്കുറിച്ചും പഠിപ്പിച്ചിട്ടുണ്ട്. അവരേതെങ്കിലും പ്രത്യേക മതവിശ്വാസത്തിൽ പെടുന്നവരാകണമെന്ന് ഞങ്ങളവരോട് ഒരിക്കലും പറഞ്ഞിട്ടില്ല.

മതത്തിന്റെ പേരിലുള്ള ഈ വിഭാഗീയതകളൊക്കെ ഒരുദിവസം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു ഹിന്ദു വിശ്വാസിയായ സ്ത്രീയെയാണ് ഞാൻ വിവാഹം ചെയ്തത്. അതൊരു തെറ്റായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്റെ അമ്മ തികച്ചും പരമ്പരാഗത കെട്ടുപാടുകളിൽ വളർന്ന വ്യക്തിയാണ്. അവർക്ക് വിദ്യാഭ്യാസവുമില്ല. എന്നിട്ടും ഒരാളുടെ മതം മാറ്റുന്നതിനോട് അവർക്ക് വിയോജിപ്പുണ്ടായിരുന്നു.

അവർ ചോദിച്ചത് ചെറുപ്പം മുതൽ ശീലിച്ചുവരുന്ന കാര്യങ്ങൾ ഒരാൾക്ക് എങ്ങനെ മാറ്റാൻ സാധിക്കുമെന്നാണ് -നസറുദ്ദീൻ ഷാ പറഞ്ഞു.

Content Highlights: Naseeruddin shah on love Jihad, its questions dignity of woman, slams patriarchy