നസിറുദ്ദീൻ ഷാ | ഫോട്ടോ: എ.എഫ്.പി
ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളാണ് നസിറുദ്ദീൻ ഷാ. ഇത്രയും കാലം നീണ്ട അഭിനയജീവിതത്തിനിടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. എന്നാൽ ഈ പുരസ്കാരങ്ങളിലൊന്നും കാര്യമില്ലെന്ന് പറയുകയാണ് അദ്ദേഹം. പുരസ്കാരങ്ങൾ കിട്ടുമ്പോൾ തുടക്കകാലത്തുണ്ടായിരുന്ന ആവേശമെല്ലാം പിന്നീട് നഷ്ടമായെന്നും ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞു.
ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവനയുമായി നസിറുദ്ദീൻ ഷാ രംഗത്തെത്തിയത്. തനിക്ക് ലഭിച്ച ഫിലിം ഫെയർ പുരസ്കാരമാണ് ശുചിമുറിയുടെ വാതിലിന്റെ പിടിയായി ഉപയോഗിക്കുന്നതെന്നാണ് ഷാ പറഞ്ഞത്. ഒരു വേഷം അവതരിപ്പിക്കാൻ ജീവിതം തന്നെ സമർപ്പിക്കുന്ന ഏതൊരു നടനും നല്ല നടനാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു നറുക്കെടുപ്പ് നടത്തി ഒരാളെ തിരഞ്ഞെടുത്ത് 'ഇയാളാണ് ഈ വർഷത്തെ ഏറ്റവും മികച്ച നടൻ' എന്ന് പറഞ്ഞാൽ, അത് എങ്ങനെ ന്യായമാകുമെന്ന് അദ്ദേഹം ചോദിക്കുന്നു.
"ആ അവാർഡുകളിൽ ഞാൻ അഭിമാനിക്കുന്നില്ല. അവസാനം കിട്ടിയ രണ്ട് അവാർഡുകൾ വാങ്ങാൻ പോലും ഞാൻ പോയിട്ടില്ല. ഒരു ഫാം ഹൗസ് പണിതപ്പോൾ ഈ അവാർഡുകൾ അവിടെ വയ്ക്കാൻ ഞാൻ തീരുമാനിച്ചു. ഇവിടെ വന്ന് ശുചിമുറിയിൽ പോകുന്നയാൾക്ക് രണ്ട് അവാർഡുകൾ വീതം ലഭിക്കും. കാരണം ഫിലിം ഫെയർ അവാർഡുകൾ കൊണ്ടാണതിന്റെ വാതിലിന്റെ കൈപ്പിടികൾ നിർമ്മിച്ചിരിക്കുന്നത്." നസിറുദ്ദീൻ ഷാ ചൂണ്ടിക്കാട്ടി.
ഈ ട്രോഫികളിലൊന്നും ഒരു മൂല്യവും ഞാൻ കാണുന്നില്ല. പുരസ്കാരങ്ങൾ ലഭിക്കുമ്പോൾ കരിയറിന്റെ തുടക്കകാലത്ത് സന്തോഷിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ ട്രോഫികൾ ചുറ്റും നിറയാൻ തുടങ്ങി. ഇതൊക്കെ ഒരുതരം ലോബിയിങ്ങിന്റെ ഫലമാണെന്ന് പതിയെ മനസിലാവാൻ തുടങ്ങി. ഒരാൾ അയാളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം പുരസ്കാരങ്ങൾ വാങ്ങുന്നത്. പദ്മശ്രീയും പദ്മഭൂഷണും ലഭിച്ചപ്പോൾ പോലും എന്റെ ജോലിയേക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെട്ടിരുന്ന, ഈ ജോലി നീ ചെയ്യുകയാണെങ്കിൽ നീയൊരു വിഡ്ഢിയായിത്തീരുമെന്ന് പറഞ്ഞ അച്ഛനെയാണ് ഞാനോർത്തത്. നസിറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു.
ഈയിടെ കേരളാ സ്റ്റോറി എന്ന ചിത്രത്തിനെതിരെ അദ്ദേഹം രൂക്ഷവിമർശനമുന്നയിച്ചിരുന്നു. നാസി ജർമനിയുടെ വഴിയെയാണ് നാം ഇപ്പോൾ സഞ്ചരിക്കുന്നത്. ഹിറ്റ്‌ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെ പുകഴ്ത്തി സിനിമ ചെയ്യാൻ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ജർമനിയിലെ അനേകം മികച്ച സിനിമക്കാർ അവിടെ നിന്നും ഹോളിവുഡിലേക്ക് പോവുകയും സിനിമകളുണ്ടാക്കുകയും ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നത് എന്നാണ് നസിറുദ്ദീൻ ഷാ പറഞ്ഞത്.
Content Highlights: naseeruddin shah bout awards, naseeruddin shah uses awards as door handles in farmhouse
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..