മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ സിനിമയും കഥാപാത്രവും സംഭാഷണങ്ങളും പിറന്നിട്ട് 21 വർഷങ്ങൾ പിന്നിടുകയാണ്. മോഹൻലാലിനെ നാകനാക്കി ഷാജി കൈലാസ് ഒരുക്കിയ മാസ് ചിത്രം നരസിംഹത്തിന്റെ ഇരുപത്തിയൊന്നാം വാർഷികം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.

2000 ജനുവരി 28 നാണ് നരസിംഹം റിലീസിനെത്തുന്നത്. രഞ്ജിത്തിന്റെ കഥയിൽ ഒരുങ്ങിയ പൂവള്ളി ഇന്ദുചൂഢനെന്ന മാസ് നായക കഥാപാത്രവും സംഭാഷണങ്ങളും ഇന്നും ആരാധകർക്ക് ലഹരിയാണ്.

ബോക്സോഫീസിൽ തകർപ്പൻ കളക്ഷൻ സ്വന്തമാക്കിയ ചിത്രം നിർമിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ആശിർവാദ് സിനിമാസിന്റെ ആദ്യ നിർമാണ സംരംഭം കൂടിയായിരുന്നു നരസിംഹം.

മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനെയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചതിലെ അവർണനീയമാണ്... ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇവരുണ്ടെന്നതും അഭിമാനാർഹമാണ് #21YearsOfNarasimham

Posted by Shaji Kailas on Monday, 25 January 2021

തിലകൻ, ജ​ഗതി ശ്രീകുമാർ, എൻ.എഫ് വർ​ഗീസ്, ഐശ്വര്യ, ഭാരതി, സ്‌ഫടികം ജോർജ്, സായ്കുമാർ എന്നീ താരനിരയ്ക്കൊപ്പം അതിഥി വേഷത്തിൽ മമ്മൂട്ടിയും ചിത്രത്തിന്റെ ഭാ​ഗമായി. അഡ്വക്കേറ്റ് നന്ദ​ഗോപാല മാരാർ എന്ന മമ്മൂട്ടി കഥാപാത്രവും ആരാധകരെ ഇന്നും ആവേശം കൊള്ളിക്കുന്നു.

"മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനെയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചതിലെ അവർണനീയമാണ്... ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇവരുണ്ടെന്നതും അഭിമാനാർഹമാണ്". ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംംവിധായകൻ ഷാജി കൈലാസ് കുറിച്ചത് ഇങ്ങനെ.

എം.ജി രാധാകൃഷ്ണൻ ഈണം നൽകിയ ​ഗാനങ്ങളും എക്കാലത്തേയും മികച്ച ഹിറ്റുകളിൽ ഒന്നായി മാറി.

Content Highlights : Narasimham Movie 21 years Celebration mohanlal mammootty shaji kailas Thilakan Aashirvad Cinemas