ലിനു ലാൽ, നഞ്ചിയമ്മ
ദേശീയ പുരസ്കാരത്തില്‍ മികച്ച ഗായികക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി സംഗീതജ്ഞന് ലിനു ലാല്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും ലിനു ലാല്‍ പറയുന്നു. ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിക്കുന്നു.
ലിനു ലാലിന്റെ വാക്കുകള്‍
ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. അവരെ എനിക്ക് അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവര്‍ നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്കാരം കൊടുക്കേണ്ടത്.
മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവയ്ക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍.
അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള് നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍.
പുതിയൊരു സോങ് കംബോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ല. ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. അതുപോലെ ചിത്ര ചേച്ചി. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. അവരുടേ പേരെടുത്ത് ഞാന്‍ പറഞ്ഞത് അവര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്നല്ല പറയുന്നത്. സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവര്‍ക്ക് ഇങ്ങനെയൊരു കാര്യം കേള്‍ക്കുമ്പോള്‍ അപമാനമായി തോന്നില്ലേ എന്ന് എനിക്ക് തോന്നി.
അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്പെഷ്യല്‍ ജൂറി പുരസ്കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്കു തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നെ വിമര്‍ശിക്കാം. ഇതെന്റെ അഭിപ്രായം മാത്രമാണ്.
ലിനു ലാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര് രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം മലയാള പിന്നണി ഗാനരംഗത്തെ പ്രമുഖര്‍ പലരും നഞ്ചിയമ്മയുടെ നേട്ടത്തെ അവഗണിച്ചു. അഭിനന്ദിച്ച് ഒരു വരി പോലും പറയുകയോ സോഷ്യല്‍ മീഡിയയില്‍ ഒരു വാക്ക് കുറിക്കുകയോ ചെയ്തില്ല. ഗായികമാരായ സിതാര കൃഷ്ണകുമാറും സുജാതയും നഞ്ചിയമ്മയെ അഭിനന്ദിച്ച് രംഗത്ത് വന്നു.
നഞ്ചിയമ്മയെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഫെയ്സ്ബുക്കില്‍ സിതാര കുറിച്ചത് ഇങ്ങനെയാണ്..'ഈ അവാര്‍ഡ് ഒരു തെളിച്ചമാണ്! പാട്ട്...അത് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത് നെഞ്ചില്‍ തട്ടി തെറിച്ചു വരേണ്ടതാണ്... എങ്കില്‍ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കില് തന്നെ വന്നു കൊള്ളും!.'
ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതില്‍ അതിയായ സന്തോഷം എന്നാണ് സുജാത ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം മറ്റു പുരസ്കാര ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..