നാനി നായകനായെത്തുന്ന ടക് ജ​ഗദീഷിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഋതു വർമയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാർ. ജ​ഗപതി ബാബു, നാസർ, രോഹിണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം പ്രസാദാണ്. തമൻ ആണ് സം​ഗീതം. 

ചിത്രം സെപ്റ്റംബർ 10ന് ആമസോൺ പ്രൈം വഴിയാണ് റിലീസിനെത്തുക. ഏപ്രിൽ 16ന് തീയേറ്റർ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഓടിടിയിൽ പ്രദർശനത്തിനെത്തുന്നത്. 

ചിത്രം ഓടിടിയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് നാനിയുടെ മറ്റു ചിത്രങ്ങൾക്ക് തീയേറ്ററിൽ പ്രദർശന വിലക്കേർപ്പെടുത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ചേർന്ന യോ​ഗത്തിൽ തീരുമാനമെടുത്തത് വാർത്തയായിരുന്നു. എന്നാൽ എതന്റെ ഇനി വരുന്ന ചിത്രങ്ങൾക്ക് തീയേറ്ററിൽ പ്രദർശനം വിലക്കിയാൽ സിനിമ ചെയ്യുന്നത് താൻ നിർത്തുമെന്നാണ് നാനി പ്രതികരിച്ചത്. 

"അവരുടെ അവസ്ഥയിൽ എനിക്ക് സഹതാപമുണ്ട്. അവർ അങ്ങനെ പ്രതികരിക്കുന്നതിൽ തെറ്റില്ല. തീയേറ്റർ റിലീസിന് തന്നെയാണ് എന്നും എന്റെ പ്രഥമ പരി​ഗണന. കാര്യങ്ങൾ എല്ലാം സാധാരണ പോലെ ആയാൽ, സിനിമകൾ തീയേറ്ററിൽ പ്രദർശനത്തിന് എത്തി തുടങ്ങുമ്പോൾ എന്റെ വരാനിരിക്കുന്ന സിനിമകളിൽ ഏതെങ്കിലും ഒന്ന് തിയേറ്റർ റിലീസ് ഒഴിവാക്കുകയാണെങ്കിൽ, ഞാൻ സിനിമ ചെയ്യുന്നത് നിർത്തും. തെലുങ്ക് സിനിമയിൽ നിന്ന് മാറി നിൽക്കും". നാനി വ്യക്തമാക്കി.

സായ് പല്ലവിയും കൃതി ഷെട്ടിയും നായികമാരായെത്തുന്ന സ്യാം സിങ്ങ റോയ്, വിവേക് ആത്രേയയുടെ സംവിധാനത്തിലൊരുങ്ങുന്ന അൺടെ സുന്ദരാനികി എന്നിവയാണ് നാനിയുടെ പുതിയ ചിത്രങ്ങൾ.

content highlights : Nani starrer Tuck Jagadish Trailer Ritu Varma, Jagapathi Babu Aishwarya Rajesh amazon prime