നന്ദമൂരി താരക രത്ന | ഫോട്ടോ: www.facebook.com/NandamuriTharakarathna/photos
ഹൈദരാബാദ്: ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് നടൻ നന്ദമൂരി താരകരത്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്തുവെച്ചാണ് സംഭവം. തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ സഹോദരപുത്രൻ കൂടിയാണ് താരക രത്ന.
ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനാണ് യുവഗളം പദയാത്ര നയിക്കുന്ന നാരാ ലോകേഷ്. പദയാത്രയ്ക്കൊപ്പം താരകരത്നയും ഉണ്ടായിരുന്നു. യാത്ര തുടങ്ങിയ ശേഷം സംഘാംഗങ്ങൾക്കൊപ്പം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയിൽ നടന്ന ചടങ്ങിലും നടനും പങ്കെടുത്തിരുന്നു. പള്ളിയിൽ നിന്ന് പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.
താരകരത്നയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് നന്ദമൂരി ബാലകൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. താരകരത്നയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാവുന്നതാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായും വാൽവുകൾക്ക് ബ്ലോക്ക് ഉള്ളതായും ബാലകൃഷ്ണ അറിയിച്ചു. താരകരത്ന നിലവിൽ ഐ.സി.യുവിലാണ്.
2002-ൽ ഒകടോ നമ്പർ കുർറാഡു എന്ന ചിത്രത്തിലൂടെയാണ് താരകരത്ന തെലുങ്ക് സിനിമയിൽ കാലെടുത്തുവെയ്ക്കുന്നത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇതിൽ മനമന്തയിൽ മോഹൻലാൽ ആയിരുന്നു നായകൻ. ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത 9 അവേഴ്സ് എന്ന വെബ്സീരീസിലും താരകരത്ന മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
Content Highlights: Nandamuri Taraka Ratna Cardiac Arrest, TDP Padayathra, Yuva Galam Padayathra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..