പൊതുവിടങ്ങളില്‍ അതിവൈകാരിക പ്രതികരണങ്ങളിലൂടെ എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടംനേടുന്ന നടനും രാഷ്ട്രീയപ്രവര്‍ത്തകനുമാണ് നന്ദമുറി ബാലകൃഷ്ണ. സെല്‍ഫിയെടുത്തതിന് ആരാധകനെ തല്ലിയ സംഭവം വരെ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കാനെത്തിയ ബാലകൃഷ്ണയുടെ വീഡിയോ എടുത്ത തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകനെ തല്ലിയ സംഭവമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. അതിനിടെയാണ് അണികളിലൊരാള്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചത്. ക്ഷുഭിതനായ ബാലകൃഷ്ണ അയാളുടെ മുഖത്തടിക്കുകയും വീഡിയോ എടുക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു

സംഭവം വൈറലായതോടെ അടികൊണ്ടയാള്‍ ഒരു വാര്‍ത്തകുറിപ്പ് പുറത്തിറക്കി. 

താന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തിരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ അദ്ദേഹം ഞങ്ങളുടെ വീട്ടിലെത്തി. ഞാന്‍ വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് അദ്ദേഹം എന്നെ തള്ളിമാറ്റിയത്. ഞങ്ങള്‍ ആരാധകര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്‌നമല്ല. അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നു- അയാള്‍ പറഞ്ഞു.

Content Highlights:Nandamuri Balakrishna Slaps TDP worker for taking His Video, Balayya's angry behavior at public place