നന്ദമൂരി ബാലകൃഷ്ണ | ഫോട്ടോ: www.facebook.com/NandamuriBalakrishna
എന്തെങ്കിലും കാര്യം പറഞ്ഞ് നാക്കുപിഴയ്ക്കുകയും പറഞ്ഞത് വിവാദമാവുന്നതും തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. ഒന്നിനുപിറകേ ഒന്നായി താരത്തെ തേടി വിവാദങ്ങളെത്തുകയാണ്. നഴ്സുമാരെക്കുറിച്ച് പറഞ്ഞ ഒരു പരാമർശവും പ്രതിഷേധമുയർന്നതിനേത്തുടർന്ന് അദ്ദേഹം മാപ്പുപറഞ്ഞതുമാണ് ഇതിൽ ഒടുവിലത്തെ സംഭവം.
ആഹാ എന്ന ഓ.ടി.ടി പ്ലാറ്റ്ഫോമിനുവേണ്ടി നടത്തുന്ന അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ എന്ന പരിപാടിയിലായിരുന്നു സംഭവം. തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ പവൻ കല്യാൺ അതിഥിയായെത്തിയ എപ്പിസോഡിൽ നഴ്സുമാരെക്കുറിച്ച് നടത്തിയ അശ്ലീലപരാമർശമാണ് ബാലകൃഷ്ണയ്ക്ക് വിനയായത്. ഇടക്കാലത്ത് ഒരപകടം പറ്റി ആശുപത്രിയിൽ കിടക്കവേ പരിചരിക്കാൻ വന്ന നഴ്സിനേക്കുറിച്ചായിരുന്നു ബാലകൃഷ്ണയുടെ വിവാദ പരാമർശം.
ഓ.ടി.ടി പ്ലാറ്റ്ഫോമിൽ ഈ എപ്പിസോഡ് വന്നപ്പോൾ നഴ്സുമാർക്കിടയിൽ നിന്ന് വ്യാപകമായ പ്രതിഷേധമാണ് ആരാധകർ ബാലയ്യ എന്നുവിളിക്കുന്ന സൂപ്പർതാരത്തിനെതിരെ ഉയർന്നത്. ഈ അവസരത്തിലാണ് മാപ്പപേക്ഷയുമായി അദ്ദേഹം രംഗത്തെത്തിയത്. നഴ്സുമാരെ അപമാനിച്ചെന്ന തരത്തിൽ ചിലർ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും തന്റെ വാക്കുകൾ മനഃപൂർവം വളച്ചൊടിച്ചതാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
രോഗികളെ സേവിക്കുന്ന എന്റെ സഹോദരിമാരോട് എനിക്ക് വളരെ ബഹുമാനമുണ്ട്. ബസവതാരകം കാൻസർ ആശുപത്രിയിലെ നഴ്സുമാരുടെ സേവനം ഞാൻ കണ്ടിട്ടുണ്ട്. രാത്രിയിൽ രോഗികളെ സഹായിക്കുകയും അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്ന എന്റെ സഹോദരിമാരോട് എനിക്ക് വളരെ ബഹുമാനമുണ്ട്. അവരോട് എത്ര തവണ നന്ദി പറഞ്ഞാലും മതിയാകില്ല. ലോകമെമ്പാടുമുള്ള നിരവധി നഴ്‌സുമാർ സ്വന്തം ജീവൻ പണയപ്പെടുത്തി, രാവും പകലുമില്ലാതെ കൊറോണ രോഗികളെ സേവിക്കുന്നു. അത്തരം നഴ്‌സുമാരെ നമ്മൾ ആദരിക്കേണ്ടതുണ്ട്. എന്റെ വാക്കുകൾ നിങ്ങളുടെ വികാരങ്ങളെ ശരിക്കും വ്രണപ്പെടുത്തിയെങ്കിൽ, പശ്ചാത്തപിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
ഈയിടെ തന്റെ പുതിയ ചിത്രമായ വീരസിംഹറെഡ്ഡിയുടെ വിജയാഘോഷത്തിനിടെ അന്തരിച്ച തെലുങ്ക് മുൻ സൂപ്പർതാരങ്ങളായ അക്കിനേനി നാഗേശ്വരറാവു, എസ്.വി. രംഗറാവു എന്നിവരേക്കുറിച്ച് നടത്തിയ മോശം പരാമർശങ്ങൾ പ്രതിഷേധത്തിനിയാക്കിയിരുന്നു. ബാലകൃഷ്ണയ്ക്കെതിരെ പരോക്ഷവിമർശനവുമായി നാഗേശ്വര റാവുവിന്റെ പേരക്കുട്ടികളും നടന്മാരുമായ നാഗചൈതന്യ, അഖിൽ അക്കിനേനി എന്നിവർ രംഗത്തെത്തിയിരുന്നു.
Content Highlights: Nandamuri Balakrishna apologises for his remark about nurses on talk show, NBK Facebook Post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..