പൊതുചടങ്ങിൽ രോഷാകുലനായി പെരുമാറുന്ന തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

ഹർഷ്, സിമ്രാൻ ചൗദരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗംഗാസാഗർ സംവിധാനം ചെയ്യുന്ന സേഹരി എന്ന ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിനിടെയാണ് സംഭവം. 

ചടങ്ങിനിടെ ചിത്രത്തിലെ യുവനടൻ അദ്ദേഹത്തെ ‘അങ്കിൾ’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് പ്രശ്നങ്ങൾക്കു തുടക്കം. ‘അങ്കിൾ’ എന്നു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറുകയും ഇത് കണ്ട നടൻ ഉടൻ തന്നെ ‘സോറി സർ, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായിരുന്നുവെന്നാണ് പുറത്ത് വരുന്ന വീഡിയോ വ്യക്തമാക്കുന്നത്.

പോസ്റ്റർ ലോഞ്ചിന് മുമ്പായി തനിക്ക് വന്ന ഫോൺ കോൾ എടുക്കാതെ ഫോൺ അസിസ്റ്റന്റിന് നേരെ വലിച്ചെറിയുന്നതും കാണാം, ഇത് കൂടാതെ  പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നടന്റെ കൈ തട്ടിമാറ്റുകയും പോസ്റ്റർ പൊതിഞ്ഞ കവർ വലിച്ചു കീറിയെടുക്കുന്നതും മറ്റും വീഡിയോയിൽ വ്യക്തമാണ്. 

എട്ടുമാസങ്ങൾക്കുശേഷമാണ് പൊതുവേദിയിൽ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി സിനിമകളും മറ്റു ചടങ്ങുകളും ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുകയായിരുന്നു അദ്ദേഹം.

Content Highlights : Nandamuri Balakrishna Angry At Sehari Movie Poster Launch Event When young Actor Address him as Uncle