ശിവ രാജ്കുമാറും ബാലകൃഷ്ണയും എൻ.ടി.ആർ സെന്റിനറി ആഘോഷച്ചടങ്ങിൽ | ഫോട്ടോ: twitter.com/NBK_Unofficial
തെലുങ്കിലേയും കന്നഡയിലേയും രണ്ട് സൂപ്പർതാരങ്ങളാണ് യഥാക്രമം നന്ദമൂരി ബാലകൃഷ്ണയും ശിവ രാജ്കുമാറും. രണ്ട് ഭാഷകളിലേയും സീനിയർ താരങ്ങളിൽ ഇപ്പോഴും സജീവമായി നിൽക്കുന്നവരാണ് രണ്ടുപേരും. ഇവരുടെ ആരാധകർക്കായി ഇതാ ഒരു സന്തോഷവാർത്ത. രണ്ടുപേരും ഒരുചിത്രത്തിനായി ഒന്നിക്കുന്നു എന്നതാണ് ആ കാര്യം.
ബാലകൃഷ്ണയുടെ പിതാവും നടനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ.ടി.ആറിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവേ ശിവ രാജ്കുമാർ തന്നെയാണ് താനും ബാലകൃഷ്ണയും ഒരുമിച്ച് ചിത്രം ചെയ്യാൻ പോകുന്ന കാര്യം അറിയിച്ചത്. കന്നഡയിൽ നിന്നുള്ള സംവിധായകനൊരുക്കുന്ന ചിത്രം രണ്ടുഭാഗങ്ങളായാണ് എത്തുകയെന്നാണ് സൂചന. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കാമിയോ വേഷത്തിൽ രജിനികാന്ത് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വേഷത്തിന്റെ കാര്യത്തിൽ പക്ഷേ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ശിവ രാജ്കുമാറിന്റെ കഴിഞ്ഞചിത്രം വേദ തെലുങ്കിൽ മൊഴിമാറി എത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിനോടടുപ്പിച്ച് നടന്ന ചടങ്ങിൽ ബാലകൃഷ്ണയായിരുന്നു മുഖ്യാതിഥി. ബാലകൃഷ്ണ നായകനായെത്തിയ ഗൗതമിപുത്ര ശതകർണി എന്ന ചിത്രത്തിൽ ശിവരാജ് കുമാർ അതിഥി വേഷത്തിലെത്തിയിരുന്നു. ശിവ രാജ്കുമാറും ബാലകൃഷ്ണയും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയായാൽ ഉടൻ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ജോലികൾ ആരംഭിക്കും.
പിതാക്കന്മാർ തമ്മിലുള്ള സൗഹൃദം തങ്ങൾ തമ്മിലും ഉണ്ടെന്നാണ് എൻ.ടി.ആർ സെന്റിനറി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കവേ ശിവ രാജ്കുമാർ പറഞ്ഞത്. ബാലകൃഷ്ണയുടെ നൂറാം ചിത്രമായ ഗൗതമിപുത്ര ശതകർണിയിൽ ഞാൻ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക് സിനിമയിലേക്ക് സ്വാഗതം ചെയ്തതിന് നന്ദി. ഞങ്ങൾ ഇരുവരും ചേർന്ന് ഒരു ചിത്രം ചെയ്യാൻ പോവുകയാണ്. എനിക്കിതൊരു വലിയ അംഗീകാരമാണ്. ഈ ചിത്രവും നിങ്ങൾ സ്വീകരിക്കുമെന്നും ഞങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. കന്നഡ സൂപ്പർതാരം പറഞ്ഞു. ബാലകൃഷ്ണയും ഈ സമയം ശിവ രാജ്കുമാറിനൊപ്പമുണ്ടായിരുന്നു.
അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന തന്റെ 108-ാം ചിത്രത്തിന്റെ തിരക്കുകളിലാണ് ബാലകൃഷ്ണ ഇപ്പോൾ. ശ്രീനി സംവിധാനം ചെയ്യുന്ന ഗോസ്റ്റ് ആണ് ശിവ രാജ്കുമാറിന്റേതായി ചിത്രീകരണത്തിലിരിക്കുന്ന ചിത്രം. ജയറാമും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. നെൽസൺ സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രം ജയിലർ, ധനുഷ് നായകനാവുന്ന ക്യാപ്റ്റൻ മില്ലർ എന്നീ തമിഴ് ചിത്രങ്ങളിലും ശിവ രാജ്കുമാർ വേഷമിടുന്നുണ്ട്.
Content Highlights: nandamuri balakrishna and shiva rajkumar uniting for a big budget movie, ntr centenary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..