രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലൂടെ മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നമിതാ പ്രമോദ്. പിന്നീട് കോമഡി പ്രധാനമായ നിരവധി സിനിമകളില്‍ നായികായെത്തിയ നടി സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിലൂടെയും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഈയിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സിനിമയിലെ നായികമാര്‍ക്കെതിരെ വരുന്ന ട്രോളുകളെക്കുറിച്ച് നടി സംസാരിച്ചിരുന്നു. മനുഷ്യവികാരങ്ങളെ വിറ്റു കാശാക്കുന്നത് ശരിയല്ലെന്ന് ഊന്നിപ്പറയുകയാണ് നടി. 

നമിതയുടെ വാക്കുകള്‍. 'ചില അഭിമുഖങ്ങളില്‍ വളരെ തുറന്നു സംസാരിക്കാറുണ്ട്. നമ്മള്‍ സോഷ്യല്‍മീഡിയയില്‍ ലൈവ് ഇട്ട് അത് പോസ്റ്റ് ചെയ്യും. വേറൊരാള്‍ എടുത്ത് അത് റീപോസ്റ്റ് ചെയ്യും അവര്‍ അതുകൊണ്ട് കാശുണ്ടാക്കുന്നുണ്ട്. പക്ഷേ പലരും ആലോചിക്കാത്ത ഒരു കാര്യമുണ്ട്. അവരെയൊക്കെപ്പോലെ നമ്മളും ഒരു വ്യക്തിയാണ്. നമ്മള്‍ ഒരു അഭിമുഖത്തിന് ഇരിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ വളരെ സന്തോഷത്തോടെ ഇരിക്കുന്ന ഒരു സമയമാകം അല്ലെങ്കില്‍ വളരെ വൈകാരികമായി ഇരിക്കുന്ന ഒരു സമയമായിരിക്കാം. പക്ഷേ വാ തുറക്കുന്ന എന്തും ട്രോളുന്ന അവസ്ഥയാണിന്ന്. ഒരാളുടെ വികാരങ്ങളെ വിറ്റ് കാശാക്കുന്നത് എത്ര മോശം ഏര്‍പ്പാടാണെന്ന് ഇവര്‍ക്കൊന്നും അറിയില്ല. നായികമാരോ
സ്ത്രീ അഭിനേതാക്കളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതല്‍ ട്രോള്‍ വരുന്നത്. കുറെ പെണ്‍കുട്ടികള്‍ എനിക്ക് സ്വകാര്യമായി സന്ദേശങ്ങളയച്ചിട്ടുണ്ട്. ഇത് പൊതുവേദിയില്‍ പറയണമെന്നു പറഞ്ഞ്. അഭിമുഖങ്ങളിലെല്ലാം നമ്മള്‍ ചിരിച്ചിരിക്കുമ്പോള്‍ ആളുകള്‍ ചിന്തിക്കുന്നത് നമ്മള്‍ സദാ സന്തുഷ്ടരാണെന്നാണ്.'

നടിയെന്ന നിലയില്‍ അഭിനേതാക്കളുടെ സംഘടനയിലെ അംഗത്വത്തെക്കുറിച്ചും നമിത സംസാരിച്ചു. 'wccയില്‍ ഞാന്‍ അംഗമല്ല. ഔദ്യോഗികമായി എന്നെ ആരും അതിലേക്ക് ക്ഷണിച്ചിട്ടില്ല. അമ്മ സംഘടനയില്‍ അംഗമാണ്. അമ്മ കുറെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സേവനങ്ങളായി. മീറ്റിംഗുകള്‍ക്ക് പോകാറുണ്ട്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവിടെ ചെന്ന് പറഞ്ഞിട്ടുണ്ട്. പരിഹരിച്ചു തന്നിട്ടുമുണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വളരെ തൃപ്തയാണ്.' നടി പറഞ്ഞു.

ബിബിന്‍ ജോര്‍ജ് നായകനായെത്തുന്ന മാര്‍ഗംകളിയാണ് നമിതയുടെ പുതിയ ചിത്രം. തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്തിട്ടുളള നടി അന്യഭാഷയില്‍ അഭിനയിക്കുമ്പോഴുള്ള വ്യാകുലതകളും പങ്കുവെച്ചു. 'തമിഴ് വലിയ പ്രശ്‌നം തോന്നിയില്ല. ഭാഷ പ്രശ്‌നം തോന്നിയത് തെലുങ്കിലാണ്. സെറ്റിലെത്തിയപ്പോള്‍ പിറ്റേ ദിവസം ഷൂട്ട് ചെയ്യാനുള്ള സീനിന്റെ തിരക്കഥ തന്നു. വായിക്കാന്‍ നോക്കിയിട്ട് ഒരക്ഷരം പോലും മനസിലാകുന്നില്ല. രണ്ടു പേജ് ഡയലോഗ്. ഇംഗ്ലീഷിലാണെങ്കിലും എനിക്കു പിടികിട്ടുന്നില്ല. ഞാന്‍ അച്ഛനോട് പറഞ്ഞു-നമുക്കു നാടു വിട്ടാലോ. അതല്ലാതെ വേറൊരു വഴിയുമില്ലെന്നൊക്കെ. മലയാളത്തിനെ അപേക്ഷിച്ച് സാമ്പത്തിക ലാഭം കൂടുന്നത് തെലുങ്കില്‍ തന്നെയാണ്. എങ്കിലും മലയാളത്തില്‍ എല്ലാവരും ഒരു കുടുംബം പോലെയല്ലേ. ഇവിടെ തന്നെയാണിഷ്ടം.' നമിത മനസു തുറന്നു.

ശ്രീജിത്ത് വിജയനാണ് മാര്‍ഗം കളി സംവിധാനം ചെയ്യുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കോമഡിയും സസ്പെന്‍സും എല്ലാം കൂട്ടിയിണക്കുന്ന മാസ് എന്റര്‍ ടെയിനറാണ്. ശശാങ്കന്‍ മയ്യനാടിന്റേതാണ് തിരക്കഥ. ഡയലോഗുകള്‍ രചിക്കുന്നത് ബിബിന്‍ ജോര്‍ജ്.

വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍, ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഗാനങ്ങള്‍ക്ക് വരികളെഴുതുന്നത് ബി കെ ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ്. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. 

Content Highlights : Namitha Pramod about trolls, malayalam tamil and telugu film industry