
കങ്കണ റണാവത്ത്, ദീപിക പദുക്കോൺ | Photo: Instagram.com|kanganaranaut|?hl=en, Instagram.com|deepikapadukone|?hl=en
മുംബെെ: മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് നേരത്തേ വെളിപ്പെടുത്തിയിട്ടുള്ള ബോളിവുഡ് നടി കങ്കണ റണാവത്തിനെ നാർകോട്ടിക്സ് ക്രെെം ബ്യൂറോ ചോദ്യം ചെയ്യാൻ വിളിപ്പിക്കാത്തത് ഏറെ ദുരുഹത നിറഞ്ഞതാണെന്ന് നടി നഗ്മ. ബി.ജെ.പി അനുഭാവികളായ സിനിമ പ്രവർത്തകരെ വെറുതെ വിടുകയും പിന്തുണയ്ക്കുന്നവരെ കുരുക്കുകയും ചെയ്യുന്നത് കേന്ദ്ര സർക്കാറിന്റെ ഇരട്ടത്താപ്പാണെന്ന് നഗ്മ ആരോപിച്ചു.
സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുക്കോണിന് പുറമെ സാറ അലിഖാന്, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവരെ എൻ.സി.ബി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപിക നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു എൻ.സി.ബിയുടെ നടപടി. കേസിൽ അറസ്റ്റിലായവർ സാറ അലിഖാന്റെയും രാകുൽ പ്രീത് സിങിന്റെയും പേരുകൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
''വാട്ട്സ്ആപ്പ് ചാറ്റിന്റെ അടിസ്ഥാനത്തിൽ ദീപികയെ ചോദ്യം വിളിപ്പിക്കുമ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് തുറന്ന് പറഞ്ഞ കങ്കണയെ വിളിപ്പിക്കുന്നില്ല. സുശാന്തിന് നീതി കിട്ടണമെന്നായിരുന്നു കങ്കണ ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ അവർ അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നു. ജെ.എൻ.യു. പ്രക്ഷോഭത്തിൽ വിദ്യാർഥികളെ പിന്തുണച്ചതിനാൽ ദീപികയ്ക്ക് സമൻസ്.
"കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്ന ദിയ മിർസയെ മയക്കുമരുന്ന് കേസുമായി ബന്ധിപ്പിച്ചു, സമാനമായി അനുരാഗ് കശ്യപിനെ ബലാത്സംഗ കേസിൽ കുടുക്കി. സുശാന്തിന്റെ നീതിയ്ക്കായി തുടക്കത്തിൽ ശബ്ദം ഉയർത്തിയ ഗുപ്തേഷ് പാണ്ഡെ ഐ.പി.എസ്. സ്വമേധയ വിരമിച്ച് ഇപ്പോൾ ബി.ജെ.പിയിൽ ചേർന്നു. വാട്ട്സ് ആപ്പ് ചാറ്റുകൾ പുറത്ത് വിട്ട് നടിമാരുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതാണോ എൻ.സി.ബിയുടെ ജോലി?''- നഗ്മ ചോദിക്കുന്നു.
സെപ്റ്റംബര്‍ 25-ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. ലഹരിമരുന്ന് കേസില്‍ ആദ്യമായാണ് ബോളിവുഡിലെ ഒന്നാംനിര താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കരീഷ്മയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തേ സമന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുളളതിനാല്‍ ഹാജരാകാനുളള തിയതി നീട്ടി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Nagma criticise NCB not for summoning Kangana Ranaut who admitted to taking drugs, Deepika Padukone JNU
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..