പോയ വർഷം തെന്നിന്ത്യൻ സിനിമാ പ്രേമികളെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു താരദമ്പതിമാരായ സാമന്തയുടെയും നാ​ഗചൈതന്യയുടെയും വിവാഹമോചനം. നാലുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഇപ്പോൾ ആദ്യമായി വിവാഹമോചനത്തോട് പ്രതികരിച്ചിരിക്കുകയാണ് നാ​ഗചൈതന്യ. ആ സമയത്ത് എടുത്ത ഏറ്റവും മികച്ച പരിഹാരമായിരുന്നു വിവാഹമോചനമെന്നാണ് നാ​ഗചൈതന്യ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

"അത് സാരമില്ല, ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്.." നാ​ഗചൈതന്യ വ്യക്തമാക്കി. 

കഴിഞ്ഞ വർഷം ഒക്ടോബർ 2നാണ് സാമന്തയും നാ​ഗചൈതന്യയും തങ്ങൾ വേർപിരിയുകയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2018 ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 

വിവാഹമോചനത്തിന് പിന്നാലെ പിന്നാലെ സാമന്ത നിരന്തര സൈബർ ആക്രമണവും നേരിടുകയുണ്ടായി. അബോർഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരിൽ സാമന്തയ്ക്കെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമച്ചവരും ഏറെയാണ്. സാമന്തയും ഇതിനോട് പ്രതികരിക്കുകയുണ്ടായി.

തന്റെ കാര്യത്തില്‍ സ്‌നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിക്കുന്നതിലും കള്ളക്കഥകളില്‍ നിന്ന് തന്നെ പ്രതിരോധിക്കുന്നതിലും നന്ദി. അവര്‍ പറയുന്നത് തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുട്ടികളെ വേണ്ടെന്ന് പറഞ്ഞുവെന്നും അവസാരവാദിയാണെന്നും ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണം. ഇത് എന്നെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കുകയില്ല- തന്നെ വിമർശിച്ചവർക്കുള്ള മറുപടിയായി സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ

Content Highlights : Naga Chaitanya about divorce with Samantha,says it was the best decision for us