ഹൈദരാബാദ്: ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.

പ്രഭാസിന്റെ 21-ാമത്തെ ചിത്രമാണിത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിലവിൽ പ്രഭാസ് 21 എന്നാണ് അറിയപ്പെടുന്നത്. ബോളിവുഡ് സൂപ്പർ സ്റ്റാർ ദീപിക പദുകോണാണ് ചിത്രത്തിലെ നായികയാവുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

നാഗ് അശ്വിൻ തന്നെ സംവിധാനം ചെയ്ത് ദേശീയ പുരസ്കാരം സ്വന്തമാക്കിയ മഹാനടി ടീം വീണ്ടും ഈ ചിത്രത്തിനായി ഒന്നിക്കുകയാണ്. ഛായാഗ്രാഹകൻ ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകൻ മിക്കി ജെ മേയർ എന്നിവരാണ് പുതിയ ചിത്രത്തിലും ഒന്നിക്കുന്നത്.
നിർമാണ കമ്പനിയായ വൈജയന്തി ഫിലിംസ് ആണ് ഇരുവരും ചിത്രത്തിന്റെ ഭാഗമാവുന്നത് സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

സംവിധായകൻ ത്രിവിക്രം ശ്രീനിവാസിന്റെ എ ആ, സംവിധായകൻ ശേഖർ കമ്മുലയുടെ ഹാപ്പി ഡെയ്സ്, മഹേഷ് ബാബുവിന്റെ ബ്രഹ്മസ്ത്രംതുടങ്ങി നിരവധി തെന്നിന്ത്യൻ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് മിക്കി ജെ മേയർ. ഡാനി സാ-ലോ മഹാനതിയുമായി ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം റാണ ദഗ്ഗുബട്ടിയുടെ വിരാടപർവം, കീർത്തി സുരേഷിന്റെ മിസ്സ് ഇന്ത്യ തുടങ്ങി നിരവധി പ്രോജക്ടുകളിൽ പ്രവർത്തിച്ചിരുന്നു . ഇത് അവരുടെ ആദ്യത്തെ പാൻ-ഇന്ത്യൻ ചിത്രമാണ്. .

സാങ്കൽപ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. 2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രം പ്രദർശനത്തിനെത്തും

Content Highlights : Nag Ashwin Prabhas Movie Amitabh Bachchan Deepika Padukone