കൊച്ചി: ഈ വര്‍ഷത്തെ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡുകള്‍ (നാഫാ) പ്രഖ്യാപിച്ചു. മികച്ച നടനായി നിവിന്‍ പോളിയെയും മികച്ച നടിയായി മഞ്ജു വാര്യരെയും തിരഞ്ഞെടുത്തു. നാഫാ ഭാരവാഹികള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ് നടത്തുന്ന നാഫയുടെ രണ്ടാമത്തെ പുരസ്‌ക്കാരദാനമാണിത്. ഈ വര്‍ഷം ജൂലൈ 22ന് ന്യൂയോര്‍ക്കില്‍ വെച്ചാണ് പുരസ്‌ക്കാര വിതരണം. 

നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കേണ്ടതു കൊണ്ടാണ് ആറു മാസത്തിന് മുന്‍പ് തന്നെ പുരസ്‌ക്കാര പ്രഖ്യാപനം നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പുരസ്‌ക്കാരങ്ങള്‍ ലഭിച്ചവര്‍ 

മികച്ച ചിത്രം - മഹേഷിന്റെ പ്രതികാരം (സംവിധായകന്‍ ദിലീഷ് പോത്തന്‍, നിര്‍മാതാവ് ആഷിക് അബു) 
സംവിധായകന്‍ - രാജീവ് രവി (കമ്മട്ടിപ്പാടം) 
നടന്‍ - നിവിന്‍ പോളി (ജേക്കബിന്റെ സ്വര്‍ഗരാജ്യം, ആക്ഷന്‍ ഹീറോ ബിജു) 
നടി - മഞ്ജു വാര്യര്‍ (കരിങ്കുന്നം സിക്സസ്, വേട്ട) 
സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന്റെ നിര്‍മാതാവ് - കുഞ്ചാക്കോ ബോബന്‍ (കെപിഎസി)
തിരക്കഥ - ശ്യാം പുഷ്‌ക്കരന്‍ (മഹേഷിന്റെ പ്രതികാരം) 
സംഗീത സംവിധായകന്‍ - ബിജിബാല്‍ (മഹേഷിന്റെ പ്രതികാരം) 
ഗായകന്‍ - ഉണ്ണി മേനോന്‍ (ജേക്കബിന്റെ സ്വര്‍ഗരാജ്യം) 
ഗായിക - വാണി ജയറാം (ആക്ഷന്‍ ഹീറോ ബിജു)
ഛായാഗ്രാഹകന്‍ - ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം)
സഹ-നടന്‍ - രണ്‍ജി പണിക്കര്‍ (ജേക്കബിന്റെ സ്വര്‍ഗരാജ്യം)
സഹനടി - ആശാ ശരത്ത് (പാവാട, അനുരാഗ കരിക്കിന്‍വെള്ളം) 
ജനപ്രിയ നായകന്‍ - ബിജു മേനോന്‍ (അനുരാഗ കരിക്കിന്‍വെള്ളം)
ജനപ്രിയ ചിത്രം - ഏബ്രിഡ് ഷൈന്‍ (ആക്ഷന്‍ ഹീറോ ബിജു) 
നവാഗത സംവിധായകന്‍ - ദിലീഷ് പോത്തന്‍ (മഹേഷിന്റെ പ്രതികാരം) 
നോര്‍ത്ത് അമേരിക്കയില്‍നിന്നുള്ള നവാഗത സംവിധായകന്‍ - ജയന്‍ മുളങ്കാട് (ഹലോ നമസ്തേ) 
ക്യാരക്ടര്‍ നടന്‍ - ജോജു ജോര്‍ജ് (ആക്ഷന്‍ ഹീറോ ബിജു, 10 കല്‍പനകള്‍)
വില്ലന്‍- ചെമ്പന്‍ വിനോദ് (കലി )
എന്റര്‍ടെയ്നര്‍ - അജു വര്‍ഗീസ്
ഹാസ്യനടന്‍ - സൗബിന്‍ ഷാഹിര്‍ 
ന്യൂ സെന്‍സേഷണല്‍ ആക്ടര്‍ - ടോവിനോ തോമസ് (ഗപ്പി) 
ന്യൂ സെന്‍സേഷണല്‍ ആക്ട്രസ് - അപര്‍ണ ബാലമുരളി (മഹേഷിന്റെ പ്രതികാരം) 
ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ് - വിനായകന്‍ 
പ്രത്യേക പരാമര്‍ശം - വിനയ് ഫോര്‍ട്ട്, നീരജ് മാധവ് 
നാഫാ നൊസ്റ്റാള്‍ജിയ - മധു, ഷീല 

മലയാളത്തില്‍നിന്നുള്ള 50 ഓളം താരങ്ങളെ കൂടാതെ ഇതര ഭാഷകളില്‍നിന്നുള്ള നിരവധി താരങ്ങളെയും ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുപ്പിക്കുന്നുണ്ട്. ചെയര്‍മാന്‍ ഡോ. ഫ്രീമു വര്‍ഗീസ്, ഇവന്റ് മാനേജര്‍ ആനി ലിബു, കണ്‍സല്‍ട്ടന്റ് ലാലു ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.