ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ആരോപണം. സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നേ തന്നെ രജിസ്റ്ററേഷന്‍ നടപടികള്‍ സ്വീകരിക്കണം എന്നതാണ് ചട്ടം. എന്നാല്‍ ഈശോ എന്ന ചിത്രം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് ഭാരവാഹികള്‍ പറയുന്നത്. എക്‌സ്‌ക്യൂട്ടിവ് കമ്മറ്റി കൂടിയ ശേഷം മാത്രമേ ചിത്രത്തിന്റെ രജിസ്റ്ററേഷന്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളു ഈ മാസം അവസാനം മാത്രമായിരിക്കും ഇനി ഒരു എക്‌സ്‌ക്യൂട്ടിവ് യോഗം ചേരുകയുള്ളു.

ഈശോ എന്ന ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നു ചില ക്രിസ്ത്യന്‍ സംഘടനകളും  വൈദികകരും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് നാദിര്‍ഷ വിശദീകരണവുമായി രംഗത്ത് വന്നത്. അതേസമയം, സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ്ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ പറഞ്ഞു. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

നാദിര്‍ഷയുടെ കുറിപ്പ്

'ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം 'നോട്ട് ഫ്രം ദ ബൈബിള്‍' എന്ന ടാഗ്ലൈന്‍ മാത്രം മാറ്റും. അല്ലാതെ തല്‍ക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥന്‍ ' എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,' നാദിര്‍ഷ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമകളാണ് കേശു ഈ വീടിന്റെ നാഥനും ഈശോയും. കേശു ഈ വീടിന്റെ നാഥനില്‍ ദിലീപും ഈശോയില്‍ ജയസൂര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ഈ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ പറയുന്ന ഏതു ശിക്ഷക്കും തയ്യാറാണ്,' നാദിര്‍ഷ പറഞ്ഞു.

Content Highlights: Nadhirshah eesho movie name controversy, Jayasurya, Fillm Chamber