സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡിന്റെ വിയോഗത്തില്‍ പ്രതികരണവുമായി നദീം സെയ്ഫി. കോവിഡിനെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ തുടര്‍ന്ന് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. 

നദീം സെയ്ഫി-ശ്രാവണ്‍ കൂട്ടുക്കെട്ടില്‍ 1991 കാലഘട്ടത്തില്‍ ഒട്ടനവധി ഹിറ്റുകളാണ് പിറന്നത്. ആഷിക്വി, ദീവാന, സാജന്‍, പര്‍ദേശ്, രാജാ ഹിന്ദുസ്ഥാനി, ഹം ഹേന്‍ രഹി പ്യാര്‍ കെ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. 2000 ല്‍ ഇവര്‍ വഴിപിരിഞ്ഞുവെങ്കിലും 2009 ല്‍ വീണ്ടും ഒന്നിച്ചു.

''എന്റെ  ഷാനു ഇനിയില്ല. ഞങ്ങള്‍ ഒരുമിച്ചായിരുന്നു വളര്‍ന്നത്. ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഒരുപോലെ നേരിട്ടു. സുഖങ്ങളും ദുഖങ്ങളും അനുഭവിച്ചു. ഞാന്‍ കടുത്ത വിഷമത്തിലാണ്. ഇതെങ്ങനെ മറികടക്കുമെന്ന് അറിയില്ല. ഞങ്ങള്‍ ഒട്ടുമിക്ക ദിവസങ്ങളിലും സംസാരിക്കാറുണ്ട്. ആശുപത്രിയിലേക്ക് മാറുന്നത് വരെ ഞാനുമായി സംസാരിച്ചിരുന്നു. ശ്രാവണിന്റെ മകനും ഭാര്യയും കോവിഡിനെ തുടര്‍ന്ന് ചികിത്സയിലാണ്. എനിക്ക് അവിടെ പോകാന്‍ സാധിക്കുകയില്ല. അവരെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ഷാനുവിനെ ഒരു നോക്ക് കാണാനും പറ്റില്ല''- നദീം സെയ്ഫി പറഞ്ഞു.