നാദവ് ലാപിഡ്, അനുപം ഖേറും വിവേക് അഗിനിഹോത്രിയും | Photo: ANI, PTI
പനാജി: കശ്മീര്‍ ഫയല്‍സുമായി ബന്ധപ്പെട്ട പരസ്യ വിമര്‍ശനത്തില്‍ താന്‍ ആശങ്കപ്പെട്ടിരുന്നതായി ജൂറി ചെയര്മാന് നാദവ് ലാപിഡ്. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലായിരുന്നു ഇത്തരം സിനിമകള്‍ ഒരിക്കലും മേളകള്‍ക്ക് ചേര്‍ന്നതല്ലെന്ന് ലാപിഡ് തുറന്നടിച്ചത്. കശ്മീര്‍ ഫയല്‍സ് പോലുള്ള ഒരു സിനിമയെ മേളയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളില്‍ പതിനാല് സിനിമകള്‍ മികച്ച നിലവാരമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചിത്രത്തിനെതിരെ തുറന്നു സംസാരിക്കാന്‍ തീരുമാനിക്കുന്നത് കടുത്ത ആശങ്കയുളവാക്കിയിരുന്നു. സര്‍ക്കാരിനെ പ്രശംസിക്കുന്ന ഒരു ജനസമൂഹത്തിന് മുന്നില്‍ ഇത്തരമൊരു തീരുമാനം എടുക്കുന്നത് കടുത്തതായിരുന്നു. ലാപിഡ് പറഞ്ഞു. തുറന്നു സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ആരെങ്കിലും സത്യം തുറന്നു പറയണമെന്ന് തോന്നിയതായും അദ്ദേഹം വ്യക്തമാക്കി.
താന്‍ ഈ രാജ്യത്തെ അതിഥി മാത്രമാണ്. ജൂറി ചെയര്മാന് എന്ന പദവിയിൽ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അത്തരമൊരു അവസ്ഥയില്‍ മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട സിനിമക്കെതിരെ സംസാരിക്കുന്നതില്‍ അസ്വസ്ഥനായിരുന്നു. എന്നിരുന്നാലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായം വ്യക്തമാക്കാന്‍ സാധിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും ലാപിഡ് പ്രതികരിച്ചു.
ജൂറി ചെയര്‍മാന്റെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. നടന് അനുപം ഖേര്‍, സംവിധായകന് വിവേക് അഗ്നിഹോത്രി എന്നിവരും വിമര്‍ശനത്തിനെതിരെ തുറന്നടിച്ചപ്പോള്‍ സ്വര ഭാസ്കറടക്കമുള്ളവര് വിഷയത്തില്‍ ജൂറിയെ അനുകൂലിച്ചു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം 1990 കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം ഇന്ത്യന്‍ പനോരമയിലും അന്താരാഷ്ട്ര മത്സരവിഭാഗത്തിലും പ്രദര്‍ശനത്തിനെത്തിയിരുന്നു.
Content Highlights: nadav lapid says he was apprehensive all day before the kashmir files comment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..