മിഴ് സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച സംവിധായകനാണ് ബാല. സംഘര്‍ഷവും വൈകാരികതയും ഉദ്വേഗവും നിറഞ്ഞതായിരിയ്ക്കും ബാലയുടെ ചിത്രങ്ങള്‍. കലാപരവും സാങ്കേതികവുമായ മേന്മ നിലനിര്‍ത്തുന്നതോടൊപ്പം തന്റെ റിയലിസ്റ്റിക്ക് അവതരണ രീതിയിലൂടെ കാണികളെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. സേതു, പിതാമഹന്‍, നാന്‍ കടവുള്‍, അവന്‍ ഇവന്‍ എന്നീ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. അതുകൊണ്ട് തന്നെ ബാലയുടെ സിനിമയ്ക്കായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

'നാച്ചിയാര്‍' എന്നാണ് ബാലയുടെ പുതിയ ചിത്രത്തിന്റെ പേര്. ഒരു സൈക്കോ കില്ലറെ ആധാരമാക്കിയുള്ള ഗൗരവമുള്ള പ്രമേയമാണിത്‌. ജ്യോതികയാണ് നായിക. നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നാച്ചിയാര്‍ എന്ന പരുക്കയായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആക്ഷന്‍ നായികയായും മാറുകയാണ് ജ്യോതിക. നാച്ചിയാറിന്റ ടീസര്‍ പുറത്തു വന്നപ്പോള്‍ ജ്യോതിക പറയുന്ന പരുക്കന്‍ ഡയലോഗ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഏറെ പരിശീലനം നടത്തി ഒരു വെല്ലുവിളിയായിട്ടാണ് ജ്യോതിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജ്യോതികയുടെ ആവേശോജ്ജ്വലമായ വിസ്മയിപ്പിക്കുന്ന കഥാപാത്രമായിരിയ്ക്കും നാച്ചിയാര്‍.

സംഗീതസംവിധായകന്‍ കൂടിയായ ജി.വി. പ്രകാശ്, നിര്‍മാതാവ് 'റോക്ക്‌ലൈന്‍' വെങ്കിടേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈശ്വർ ഛായാഗ്രഹണവും ഇളയരാജ സംഗീത സംവിധാനവും നിര്‍വഹിച്ചിരിയ്ക്കുന്നു. ബി. സ്റ്റുഡിയോസിന്റെ ബാനറില്‍ ബാല തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച് നിര്‍മ്മിച്ചിരിയ്ക്കുന്ന 'നാച്ചിയാര്‍' ഫെബ്രുവരി 16ന് പ്രകാശ് ഫിലിം റിലീസ്  കേരളത്തിലും പ്രദർശനത്തിനെത്തിക്കുന്നു.