തെന്നിന്ത്യൻ നടി സാമന്തയുടെ നായകനാകാൻ ഒരുങ്ങി 'സൂഫിയും സുജാതയും' താരം ദേവ് മോഹൻ. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖർ ഒരുക്കുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലാണ് ദേവ് നായകനായി എത്തുന്നത്. ദുഷ്യന്തനായി ദേവ് മോഹൻ എത്തുമ്പോൾ അദ്ദേഹത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവാകാൻ സാധ്യതയുള്ള സിനിമയാണ് 'ശാകുന്തളം'.

150 കോടിയോളം ബഡ്ജറ്റിൽ ഒരുങ്ങുന്ന ശാകുന്തളത്തിൽ ശകുന്തളയായി സാമന്തയാണ് വേഷമിടുന്നത്. ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖർ പറയുന്നത്. ശകുന്തളയുടെ വീക്ഷണകോണിൽ നിന്നുള്ളതായിരിക്കും ചിത്രം. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയകഥ സിനിമയാകുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അദിതി റാവുവും ജയസൂര്യയും കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് 'സൂഫിയും സുജാതയും'. സൂഫി എന്ന ടൈറ്റിൽ റോളിൽ എത്തിയത് ദേവ് മോഹൻ ആയിരുന്നു. വിജയ് ബാബുവിന്റെ നിർമാണത്തിൽ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം ലോക്ഡൗൺ സമയത്ത് ഒടിടിയിൽ എത്തിയ ആദ്യ മലയാള ചിത്രമായിരുന്നു. പാൻ ഇന്ത്യൻ സിനിമയായിരിക്കും ശാകുന്തളം. മണി ശർമ്മയാണ് സംഗീതം നിർവഹിക്കുന്നത്.

Content highlights :mythology movie sakunthalam actor devmohan lead role with samantha