ബലാത്സംഗ പരാമര്‍ശത്തില്‍ സംവിധായകന്‍ മിഷ്‌കിനെതിരേ നടന്‍ പ്രസന്ന രംഗത്ത്. മിഷ്‌കിന്‍ തന്റെ അടുത്ത സുഹൃത്തു ആണെങ്കിലും അദ്ദേഹം പറഞ്ഞതിനോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് പ്രസന്ന പറഞ്ഞു.
''അദ്ദേഹത്തിന്റെ ബലാത്സംഗ പരമാര്‍ശത്തില്‍ ഞാന്‍ ഏറെ അസ്വസ്ഥനാണ്. അതുകേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത പുലര്‍ത്തുന്നത് അത്യാവശ്യമാണ്''- പ്രസന്ന കൂട്ടിച്ചേര്‍ത്തു.
മിഷ്‌കിന്റെ ഏറ്റവും പുതിയ ചിത്രമായ തുപ്പറിവാളനില്‍ പ്രസന്ന ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിശാലായിരുന്നു ചിത്രത്തിലെ നായകന്‍.
പേരന്‍മ്പ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ മമ്മൂട്ടിയെ പ്രശംസിക്കുന്നതിനിടേയായിരുന്നു മിഷ്‌കിന്റെ വിവാദ പരാമര്‍ശം. ചടങ്ങില്‍ മിഷ്‌കിനും അതിഥിയായി എത്തിയിരുന്നു. മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിച്ചേനെയെന്നും ചിലപ്പോള്‍ ബലാത്സംഗം പോലും ചെയ്തേനെയെന്നുമാണ് മിഷ്‌കിന്‍ പറഞ്ഞത്. മിഷ്‌കിന്റെ പരാമര്‍ശത്തിനെതിരേ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.