ലയാളത്തിലെ താരനിബിഡമല്ലാത്ത ചെറുസിനിമകള്‍, പാരലല്‍ സിനിമകള്‍, ആര്‍ട്ട് സിനിമകള്‍, പരീക്ഷണ ചിത്രങ്ങള്‍ എന്നിവക്കായി ഒരു ഒടിടി പ്ലാറ്റ്ഫോം ഒരുങ്ങുന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ എന്‍.ബി രഘുനാഥിന്റെ നേതൃത്വത്തില്‍, 'മൈ ഒടിടി' എന്ന പേരില്‍ ഒരുകൂട്ടം ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്നൊരുക്കുന്ന ഒടിടി പ്ലാറ്റഫോം മെയ് 27 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 

വളരെ ചുരുങ്ങിയ ചെലവില്‍ ജനങ്ങള്‍ക്ക് നല്ല സിനിമകള്‍ കാണാന്‍ മൈ ഒടിടി എന്ന ഈ പ്ലാറ്റ്ഫോമിലൂടെ അവസരം ഒരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം താരസാന്നിധ്യമില്ലായ്മമൂലം തീയേറ്റര്‍ റിലീസ് നിഷേധിക്കപ്പെട്ട കൊച്ചു ചിത്രങ്ങള്‍, വന്‍കിട ഒടിടി കമ്പനികളുടെ ഒടിടി പ്ലാറ്റഫോമിലൂടെയുള്ള റിലീസ് പോലും നിഷേധിക്കപ്പെട്ട കൊച്ചു ചിത്രങ്ങള്‍ എന്നിവയ്ക്കും ജനങ്ങളുടെ മുന്നിലേക്കെത്താന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യവും ഈ സംരംഭത്തിനുണ്ട്. ഫീച്ചര്‍ സിനിമകള്‍ക്ക് പുറമേ ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററി ചിത്രങ്ങള്‍ മുതലായവയും മൈ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നതാണ് .

ഒരു സാധാരണ ഒടിടി പ്ലാറ്റ്ഫോം സങ്കല്പത്തില്‍നിന്നും വിഭിന്നമായി, സിനിമ പ്രവര്‍ത്തകരുടെയും, സിനിമയെ സ്‌നേഹിക്കുന്നവരുടെയും ഒരു കൂട്ടായ്മ എന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനരീതി. മൈ ഒടിടി പ്ലാറ്റ്ഫോമില്‍ ഒരു സിനിമ കാണുന്നതിന് ഒരു നിശ്ചിത നിരക്കില്ല. പരസ്പരം സിനിമകള്‍ കണ്ട് പ്രോത്സാഹിപ്പിക്കുന്നതിനപ്പുറം, കൊച്ചു കൊച്ചു സംഭാവനകള്‍ ടിക്കറ്റ് ചാര്‍ജ് പോലെ നല്‍കി ഓരോ സിനിമകള്‍ക്കും ചെറിയ സാമ്പത്തിക ഭദ്രത നല്‍കുക എന്നതും ഈ സംരംഭത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ ഒന്നാണ്. എല്ലാവരുടെയും സഹകണങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു-മൈ ഒടിടിയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു

Content Highlights: MY OTT new Cinema online release, Platform for Marginalized Movies