ശ്രീലങ്കൻ സ്പിന്നിങ്ങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരേ തമിഴ്നാട്ടിൽ വലിയ പ്രതിഷേധം നടക്കുകയാണ്. 800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് മുത്തയ്യ മുരളീധരനായി വേഷമിടുന്നത്.

താരത്തെ ബഹിഷ്കരിക്കാൻ സമൂഹ മാധ്യമങ്ങളിൽ ഹാഷ് ടാഗ് കാമ്പയിനുകൾ സജീവമായിരുന്നു. 'ഷെയിം ഓൺ യൂ', 'ബോയ്കോട്ട് വിജയ് സേതുപതി' തുടങ്ങിയ ഹാഷ്​ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ തരം​ഗമായി. വിജയ് സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയിൽ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയിൽ ഒരു തമിഴ്നാട്ടുകാരൻ വേഷമിടുന്നത് അപമാനമാണെന്നും വിമർശകൻ പറയുന്നു. 30 വർഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയെ പിന്തുണയ്ക്കുന്ന വ്യക്തിയായാണ് മുത്തയ്യ മുരളീധരനെയും കണക്കാക്കുന്നത്.

വിവാദങ്ങൾ ആളിക്കത്തുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുത്തയ്യ മുരളീധരൻ. താൻ വിവാദങ്ങൾക്ക് അപരിചിതനല്ലെന്നും തന്റെ ബയോപിക് ആയ 800 ന്റെ പ്രഖ്യാപനത്തിലൂടെ ഉണ്ടായ ഏറ്റവും പുതിയ വിവാദങ്ങളെക്കുറിച്ച് തന്റെ ചിന്തകൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നുവെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു.

“എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ നിർമ്മാതാക്കൾ സമീപിച്ചപ്പോൾ ഞാൻ ആദ്യം മടിച്ചു. പക്ഷേ, പിന്നീട്, എന്റെ വിജയത്തിൽ എന്റെ മാതാപിതാക്കൾ, അധ്യാപകർ, പരിശീലകർ, സഹ കളിക്കാർ എന്നിവരുടെ സംഭാവനകളെ അംഗീകരിക്കാനുള്ള ശരിയായ അവസരമാണിതെന്ന് ഞാൻ കരുതി,.

ആദ്യമായി ആഭ്യന്തരയുദ്ധം ഉണ്ടായപ്പോൾ, ഇന്ത്യൻ വംശജരായ മലയാഗ തമിഴരെയാണ് ആദ്യം ബാധിച്ചത്. യുദ്ധത്തിന്റെ ഭീകരതയും വേദനയും എനിക്ക് അനുഭവത്തിലൂടെ അറിയാം. 30 വർഷത്തിലേറെയായി ശ്രീലങ്കയിൽ ഒരു യുദ്ധത്തിനിടയിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഈ സാഹചര്യങ്ങൾക്കിടയിലും എനിക്ക് എങ്ങനെ ക്രിക്കറ്റ് ടീമിൽ ചേരാനും വിജയം ആസ്വദിക്കാനും കഴിഞ്ഞു എന്നതാണ് 800 എന്ന ചിത്രം പറയുന്നത്.

എന്റെ പല പ്രസ്താവനകളും വളച്ചൊടിക്കപ്പെട്ടു, എന്നെ മോശക്കാരനാക്കി. ഉദാഹരണത്തിന്, 2009 ആണ് എന്റെ ജീവിതത്തില ഏറെ സന്തോഷകരമായ വർഷമെന്ന് 2019 ൽ ഞാൻ പറഞ്ഞിരുന്നു. പക്ഷേ ആളുകൾ എഴുതി വന്നപ്പോൾ അത് തമിഴർ കൊല ചെയ്യപ്പെട്ട വർഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വർഷം എന്നായി.

എന്താണ് അടുത്തത് സംഭവിക്കുക എന്നറിയാത്ത യുദ്ധകാലത്താണ് ഞാൻ വളർന്നത്. എന്നോടൊപ്പം കളിച്ചിരുന്ന എന്റെ സഹപാഠി പിറ്റേ ദിവസം കളിക്കാൻ ജീവനോടെ ഉണ്ടായിരുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് യുദ്ധം അവസാനിച്ചത്. ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഞാൻ സുരക്ഷയെ കുറിച്ചാണ് ചിന്തിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ രണ്ട് വിഭാ​ഗങ്ങളിലും ജീവഹാനി ഉണ്ടായിട്ടില്ല. അതിനാലാണ് 2009 ആണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വർഷമാണെന്ന് ഞാൻ പറഞ്ഞത്. ഞാനൊരിക്കലും നിഷ്കളങ്കരായ ജനങ്ങളെ കൊന്നൊടുക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അങ്ങനെയൊരിക്കലും ചെയ്യുകയുമില്ല.

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഭാ​ഗമായത് കൊണ്ടാണ് ഞാൻ തെറ്റിദ്ധരിക്കപ്പെടുന്നത്. ഞാൻ ഇന്ത്യയിൽ ജനിച്ചിരിരുന്നുവെങ്കിൽ ഇന്ത്യൻ ടീമിന്റെ ഭാ​ഗമാവുമായിരുന്നു. ശ്രീലങ്കൻ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ. എന്റെ ജീവിതത്തെകുറിച്ച് അറിയാത്തവർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി എന്നെ തമിഴ് സമൂഹത്തിനെതിരേ പ്രവർത്തിക്കുന്ന വ്യക്തയായി മുദ്ര കുത്തുന്നു. അതെന്നെ വേദനിപ്പിക്കുന്നു. എന്റെ കാരണങ്ങൾ എന്റെ എതിരാളികളെ സമാധാനിപ്പിക്കില്ലെങ്കിലും മറുവശത്ത്, എന്നെക്കുറിച്ച് തെറ്റായ വാർത്തകൾ മാത്രമേ പങ്കിടുന്നുള്ളൂ. നിഷ്പക്ഷരും സാധാരണക്കാരുമായ ആളുകൾക്ക് ഞാൻ ഈ വിശദീകരണം നൽകുന്നു. മുരളീധരൻ വ്യക്തമാക്കി

Content Highlights : Muttiah Muralitharan On 800 movie controversy Vijay Sethupathi