‘കൂട്ടുവേഷങ്ങൾ’ എന്ന ചിത്രത്തിലെ ഒരു രംഗം
മുംബൈ: മ്യൂസിക് മുമ്പേയുടെ ‘കൂട്ടുവേഷങ്ങൾ’ എന്ന സംഗീത ഹ്രസ്വചിത്രം മ്യൂണിക് ചലച്ചിത്രോത്സവത്തിൽ പുരസ്കാരം കരസ്ഥമാക്കി. വിദേശങ്ങളിൽനിന്നുള്ള നിരവധി സംഗീത ഹ്രസ്വചിത്രങ്ങളെ പിൻതള്ളിയാണ് ഇന്ത്യയിൽ നിന്നുള്ള ഈ ഹ്രസ്വചിത്രത്തിന്റെ വിജയം. മുംബൈ നിവാസിയായ പി.കെ. മുരളീകൃഷ്ണൻ രചിച്ച്, പള്ളിപ്പുറം സജിത്ത് സംഗീതം നൽകി ആലപിച്ച, ‘രാവിനെ പ്രിയതരമാക്കിയതെന്തിനു രാധികേ രാഗലോലേ...’ എന്ന പദത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ. രമേഷ് വർമയാണ് സംവിധായകൻ.
സുനിൽ ലാൽ ചേർത്തല പശ്ചാത്തല സംഗീതമൊരുക്കി, ഉണ്ണിക്കൃഷ്ണൻ യവനിക ക്രിയേറ്റീവ് പ്രൊഡ്യൂസറായ ഈ ഹ്രസ്വചിത്രത്തിൽ പ്രശസ്ത കഥകളി നടൻമാരായ ഫാക്ട് പത്മനാഭനും കോട്ടക്കൽ നന്ദകുമാരൻ നായരുമാണ് പ്രധാനവേഷങ്ങൾ ചെയ്തിട്ടുള്ളത്. ‘രാവിനെ പ്രിയതരമാക്കിയ....’ എന്ന പാട്ട്, കഥകളിയിലും മോഹിനിയാട്ടത്തിലും ഉപയോഗിക്കുന്ന ‘പദം’ എന്ന ഗണത്തിൽപ്പെട്ടതാണ്. ഒരുമിച്ചുകഴിഞ്ഞ മനോഹരമായ ഒരു പ്രണയകാലത്തിന്റെ ഓർമകളുമായി നായിക തന്റെ കാമുകനെ കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിനെക്കുറിച്ച് തന്റെ സഖിയോട് അവൾ പറയുന്നകാര്യങ്ങളാണ് പാട്ടിൽ അടങ്ങിയിട്ടുള്ളത്. സിനിമേതര സംഗീതസംരംഭങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുകയും സ്വതന്ത്രസംഗീതത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന, മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘മ്യൂസിക് മുമ്പേ’ എന്ന സ്വതന്ത്രസംഗീത കൂട്ടായ്മ മൂന്നു വർഷങ്ങൾക്കുള്ളിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ മുപ്പതിലധികം ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. ഛായാഗ്രഹണം രൂപേഷ് അത്തോളി.
Content Highlights: Music Mumbe, Koottuveshangal wins Munich award short film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..