മുംബൈ: സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഗോവിന്ദ് നിഹലാനിയുടെ തമസിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ സംഗീത സംഗീത അക്കാദമി പുരസ്‌കാരം പദ്മശ്രീ തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 

1927 മെയ് 31 ന് ബോംബെയിലാണ് (മുംബൈ) ജനനം. ബാല്യകാലം മുതല്‍  ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. കൂടാതെ പാശ്ചാത്യ സംഗീതത്തിലും പ്രാവീണ്യം നേടി. ബോംബെയിലെ കോളേജ് പഠനത്തിന് ശേഷം ഹൊവാര്‍ഡ് ഫെര്‍ഗൂസണ്‍, വില്യം ആല്‍വിന്‍ എന്നിവര്‍ക്കൊപ്പം റോയല്‍  അക്കാദമി ഓഫ് മ്യൂസിക് ലണ്ടനില്‍ പ്രവര്‍ത്തിച്ചു. അവിടെ  നിന്ന് മൈക്കിള്‍ കോസ്റ്റാ സ്‌കോളര്‍ഷിപ്പ് നേടുകയും സ്വര്‍ണ മെഡലോടെ പഠിച്ചിറങ്ങുകയും ചെയ്തു. റോക്ക് ഫെല്ലര്‍ സ്‌കോളര്‍ഷിപ്പും ഫ്രഞ്ച് സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പും നേടി. പിന്നീട് പാരിസില്‍ അഞ്ച് വര്‍ഷക്കാലം പഠിച്ചു. 

ഇന്ത്യയില്‍ തിരിച്ചെത്തിയ ഭാട്ടിയ പരസ്യചിത്രങ്ങള്‍ക്ക് ജിങ്കിള്‍ തയ്യാറാക്കിയാണ് സംഗീത രംഗത്ത് പ്രവേശിക്കുന്നത്. ശ്യാം ബെഗനലിന്റെ അന്‍കുര്‍ ആയിരുന്നു അരങ്ങേറ്റ ചിത്രം. മംഥന്‍, ജാനേ ഭി ദോ യാരോ, 36 ചൗരിന്‍ഗീ ലൈന്‍, മോഹന്‍ ജോഷി ഹാസിര്‍ ഹോ, തരംഗ്, ഖാമോഷ്, ഹിപ് ഹിപ് ഹുറേ, അജൂബ, ദാമിനി, പര്‍ദേശ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതമൊരുക്കി. 2008 ല്‍ പുറത്തിറങ്ങിയ ഹല്ലാ ബോല്‍ ആണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ച ചിത്രം. 

സിനിമയ്ക്ക് പുറമേ നാടകങ്ങളിലും ഡോക്യുമെന്ററികളിലും ആല്‍ബങ്ങളിലും ഒട്ടനവധി സംഭാവനകള്‍ അദ്ദേഹം ചെയ്തു.

Content Highlights: Music director Vanraj Bhatia passed away, national award winner, Indian Music