സൽമാൻ ഖാൻ–പ്രഭുദേവ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ആക്‌ഷൻ ത്രില്ലർ ‘രാധെ’യുടെ ട്രെയ്ലർ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ചിത്രത്തിലെ ആദ്യ ​ഗാനവും ഉടനെ പുറത്തിറക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സാജിദ് ഖാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ.

സഹോദരനും സംഗീതസംവിധാനത്തിൽ സാജിദിന്റെ പങ്കാളിയുമായിരുന്ന വാജിദ് ഖാന്റെ അകാല വിയോഗത്തിനു ശേഷം സാജിദ് ആദ്യമായി സംഗീതം ഒരുക്കുന്ന ചിത്രമാണ് ‘രാധെ’. ഇപ്പോഴിതാ സഹോദരൻ ഒപ്പമില്ലാതെയുള്ള ആദ്യ പ്രോജക്ടിനെക്കുറിച്ച് സാജിദ് പങ്കുവച്ച ഹൃദയസ്പർശിയായ വാക്കുകളാണ് ചർച്ചയാവുന്നത്. 

‘വാജിദിനെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് എനിക്കു വിവരിക്കാൻ കഴിയുന്നില്ല. വാജിദിന്റെ മരണശേഷം ഞാൻ ഒറ്റയ്ക്ക് ചെയ്യുന്ന ആദ്യ ചിത്രമാണ് രാധെ. അത് ഏറെ വികാരനിർഭരമായ ഒരു അനുഭവമായിരുന്നു. മൂന്ന് ​ഗാനങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ചിത്രവും ​ഗാനങ്ങളും ബ്ലേക്ക്ബസ്റ്ററാവും എനിക്ക് ആത്മവിശ്വാസമുണ്ട്. 

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സെറ്റിൽ നിന്ന് ഒരു ദിവസം ഞാൻ ഇറങ്ങി പോയി. കാരണം എനിക്ക് ചുറ്റുമുണ്ടായിരുന്നവർ എന്റെ സഹോദരനെ കുറിച്ചാണ് സംസാരിച്ചിരുന്നത്. എനിക്ക് കണ്ണീരടക്കാനായില്ല. ആരോ ഞാൻ പോയ കാര്യം സൽമാൻ ഭായിയെ അറിയിച്ചു. അദ്ദേ​ഹം തിരിച്ചു വരാൻ നിർബന്ധിച്ചപ്പോഴാണ് ഞാൻ സെറ്റിലേക്ക് തിരിച്ചു ചെല്ലുന്നത്. സാജിദ് പറയുന്നു. 

‘രാധെ ഏറ്റെടുക്കാൻ എല്ലാവിധ ആത്മവിശ്വാസവും നൽകി കൂടെ നിന്നത് സൽമാൻ ഖാൻ ആണെന്ന് സാജിദ് പറഞ്ഞു. ബോളിവുഡിലെ ഇരട്ട സംഗീതസംവിധായകരായ സാജിദും വാജിദും സൽമാൻ ഖാനു വേണ്ടിയായിരുന്നു ഭൂരിഭാഗം ഗാനങ്ങളും ചിട്ടപ്പെടുത്തിയത്. രാധെയ്ക്ക് വേണ്ടി ഒരു ​ഗാനം താൻ ആലപിച്ചിട്ടുണ്ടെന്നും അതിന് തനിക്ക് ആത്മവിശ്വാസം നൽകിയത് സൽമാൻ ആണെന്നും സാജിദ് വ്യക്തമാക്കി. 

കഴിഞ്ഞ വർഷം ജൂണിലാണ് ഹൃദയാഘാതത്തെ തുടർന്ന് വാജിദ് വിടവാങ്ങുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ കഴിയവേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

content highlights : music director sajid khan about brother wajid khan radhe movie salmaan khan