തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ശരിയാണെന്ന് സമ്മതിച്ച് സംഗീത സംവിധായകന്‍ രഘു ദീക്ഷിത്ത്. ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് പേരു വെളിപ്പെടുത്താത്ത ഒരു യുവഗായിക ദീക്ഷിത്തിനെതിരേ ആരോപണമുന്നയിച്ച് രംഗത്ത് വന്നത്.
തനിക്കെതിരേ ഉയര്‍ന്ന ആരോപണം സത്യമാണെന്നും എന്നാല്‍ താന്‍ അതിന്റെ പേരില്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ദീക്ഷിത്ത് വ്യക്തമാക്കുന്നു. യുവതിക്ക് തുറന്ന് പറയാന്‍ അവസരം ഒരുക്കിയതിന്റെ പേരില്‍ ചിന്‍മയിയെ ആക്രമിക്കരുതെന്നും ദീക്ഷിത്ത് പറഞ്ഞു.
റെക്കോഡിങ്ങിന് ശേഷം ദീക്ഷിത്ത് തന്നെ കെട്ടിപ്പിടിച്ചുവെന്നും ചുംബിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പറഞ്ഞു. അയാള്‍ തന്നെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് ഓടിരക്ഷപ്പെട്ടു. അയാള്‍ ചീത്തയാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് അയാളില്‍നിന്ന് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്- യുവതി വെളിപ്പെടുത്തുന്നു.
'ഞാന്‍ എതിര്‍ക്കുന്നില്ല. എനിക്കെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. അത് തുറന്ന് പറയാനും മാപ്പ് പറയാനും ഞാന്‍ തയ്യാറാണ്.
ചിന്‍മയിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കൂ. കാരണം അവരൊരു നല്ല വ്യക്തിയാണ്. ഹൈദരാബാദില്‍ എന്റെ സംഗീത പരിപാടി കാണാന്‍ വന്നപ്പോള്‍ എന്നോട് നന്നായി സംസാരിക്കുകയും ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ചിന്‍മയി ട്വീറ്റ് ചെയ്ത കാര്യങ്ങള്‍ എനിക്കറിയാം. അതിനു പിറകിലുള്ള വ്യക്തിയെക്കുറിച്ച് എനിക്കറിയാം. ഞാന്‍ അവരോട് അന്ന് തന്നെ മാപ്പ് ചോദിച്ചിരുന്നു. ഇനിയും മാപ്പ് പറയാന്‍ തയ്യാറാണ്.
എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അതുപോലെയല്ല. കുറച്ച് തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട്. ഞാന്‍ അവരെ കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചു, പക്ഷേ അവര്‍ എന്നെ തടുത്തു. ഞാന്‍ ചെയ്തത് ശരിയായില്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ട് പിന്നീടെനിക്ക് അവര്‍ ഒരു സന്ദേശം അയച്ചു. അപ്പോള്‍ തന്നെ മാപ്പ് പറയുകയും ചെയ്തു.
ഞാനും എന്റെ ഭാര്യയും തമ്മിലുള്ള ബന്ധം ആ സമയത്ത് മോശമായിരുന്നു. ഞാന്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങളായി ഞാനും ഭാര്യയും വേര്‍പിരിഞ്ഞിട്ട്. വിവാഹമോചനം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. എന്റെ മുന്‍ഭാര്യയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.
ഞാന്‍ ഒരു വേട്ടക്കാരനല്ല. സിനിമയില്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് ഞാന്‍ ആരെയും ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടില്ല''- രഘു ദീക്ഷിത്ത് കൂട്ടിച്ചേര്‍ത്തു.
സൈക്കോ എന്ന കന്നട ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സംഗീത സംവിധായകനാണ് രഘു ദീക്ഷിത്ത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..