കൊച്ചി: ചന്ദനത്തിന്റെ സുഗന്ധം പോലെ പവിത്രമായ സംഗീതമാണ് എം.കെ. അര്‍ജുനന്‍ മലയാളികള്‍ക്ക് പകര്‍ന്നു നല്‍കിയതെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്റെ ജീവചരിത്രമായ 'പാടാത്ത വീണയും പാടും' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ പോള്‍. ഒരുപാട് പ്രതിഭകള്‍ നിറഞ്ഞാടിയ ഒരു സംഗീതകാലത്തിന്റെ അനുഭവവും തുടര്‍ച്ചയുമാണ് എം.കെ. അര്‍ജുനന്‍.

വറുതികളിലൂടെയും കനലുകളിലൂടെയും അര്‍പ്പണബോധമുള്ള മനസ്സോടെ ഒരുപാട് നടന്നാണ് അദ്ദേഹം സംഗീതത്തിന്റെ വിജയലോകത്തെത്തിയതെന്നും ജോണ്‍ പോള്‍ പറഞ്ഞു.

മാതൃഭൂമി ബുക്‌സിന്റെ കൊച്ചിയിലെ പുതിയ സ്റ്റാളിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങില്‍ ഗായകന്‍ പി. ജയചന്ദ്രന്‍ സംഗീത സംവിധായകന്‍ ബിജിബാലിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. അര്‍ജുനന്‍ മാഷിന്റെ പാട്ടുകള്‍ കൂടുതല്‍ പാടാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ഈ കാലഘട്ടത്തിലെ മഹാനായ സംഗീതജ്ഞരിലൊരാളാണ് അര്‍ജുനന്‍ മാഷെന്ന് ബിജിബാല്‍ പറഞ്ഞു. ജീവിതത്തിന്റെ ഓരോ ഋതുവിലും പ്രണയമായും വിരഹമായും സാന്ത്വനമായും വാത്സല്യമായുമൊക്കെ നമുക്കു മുന്നിലേക്ക് ഒരുപാട് ഈണങ്ങള്‍ സമ്മാനിച്ച മഹാ പ്രതിഭയായിരുന്നു എം.കെ. അര്‍ജുനനെന്ന് പുസ്തകത്തിന്റെ രചയിതാവായ വിനോദ് കൃഷ്ണന്‍ പറഞ്ഞു. അര്‍ജുന സംഗീതം അറിയാന്‍ നടത്തിയ യാത്ര ഒരു തീര്‍ത്ഥയാത്ര തന്നെയായിരുന്നുവെന്നും വിനോദ് കൃഷ്ണന്‍ പറഞ്ഞു. തന്റെ സംഗീതജീവിതത്തിന്റെ വഴികള്‍ അടയാളപ്പെടുത്തിയ ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എം.കെ. അര്‍ജുനന്‍ പറഞ്ഞു. ചടങ്ങില്‍ സംഗീത സംവിധായകന്‍ വിദ്യാധരനും പങ്കെടുത്തു.

Content Highllights: Music director M.K Arjunan, paadatha veenayum paadum, biography, john paul, jayachandran