എ.ആർ. റഹ്മാൻ | ഫോട്ടോ: എ.എഫ്.പി
ലോകമെമ്പാടും ആരാധകരുള്ള സംഗീതജ്ഞൻ. ഓസ്കർ ഇന്ത്യയിലെത്തിച്ച അസാമാന്യ പ്രതിഭാശാലി. എ.ആർ. റഹ്മാനെക്കുറിച്ച് പറയാൻ വാക്കുകൾ തികയാതെ വരും. സംഗീതസംവിധായകൻ ആർ.കെ. ശേഖറിന്റെ മകനായ ദിലീപ് കുമാറിൽ നിന്ന് ഇന്ന് കാണുന്ന മിന്നുംനിലയിലേക്ക് റഹ്മാൻ എത്തിയതിനു പിന്നിൽ കണ്ണുകളെ ഈറനണിയിക്കുന്ന ജീവിതദുരിതങ്ങളുടെ പശ്ചാത്തലമുണ്ട്. അച്ഛൻ മരിക്കുമ്പോൾ ഒമ്പതു വയസ് മാത്രമായിരുന്നു റഹ്മാന്റെ പ്രായം. ആ കാലത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഓർക്കാനിഷ്ടപ്പെടാത്ത ഇരുണ്ടകാലഘട്ടം എന്നാണ് അച്ഛന്റെ മരണശേഷമുള്ള കുട്ടിക്കാലത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
ഓ 2 ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ദുരിതപൂർണമായ കുട്ടിക്കാലത്തേക്കുറിച്ച് റഹ്മാൻ മനസുതുറന്നത്. "എന്റെ കുട്ടിക്കാലം ഒരിക്കലും സാധാരണപോലെ ആയിരുന്നില്ല. അച്ഛനോടൊപ്പം കൂടുതൽ സമയവും ആശുപത്രിയിലായിരുന്നു. ചികിത്സയൊക്കെയായിട്ട്. പതിനൊന്നോ പന്ത്രണ്ടോ വയസുള്ളപ്പോൾ മുതൽ ജോലി ചെയ്യുന്നുണ്ട്. കായിക വിനോദങ്ങൾക്കോ മറ്റോ പുറത്തുപോകുന്നതിന് അവകാശമില്ലായിരുന്നു. സംഗീതത്തിനൊപ്പമായിരുന്നു ആ സമയങ്ങൾ ചെലവഴിച്ചിരുന്നത്."
ഒരുപാടു പേർക്ക് ജോലി നൽകിയ നല്ലൊരു മനുഷ്യനായിരുന്നു എന്നാണ് പിതാവ് ആർ.കെ. ശേഖറിനേക്കുറിച്ച് റഹ്മാൻ പറഞ്ഞത്. "അദ്ദേഹം മരിച്ചതിനു ശേഷം സ്റ്റുഡിയോയിലേക്ക് പോകുമ്പോൾ എനിക്ക് അദ്ദേഹത്തേക്കുറിച്ച് നല്ലത് മാത്രമേ ഓർക്കാനുണ്ടായിരുന്നുള്ളൂ. എന്റെ സംഗീതയാത്രയ്ക്കും സംഗീതജ്ഞരോട് പെരുമാറുന്നതിലും എന്നെ രൂപപ്പെടുത്തിയ ഘടകം അതാണ്."
പിതാവിന്റെ മരണശേഷം ചുറ്റും നടക്കുന്നത് എന്തെല്ലാമായിരുന്നുവെന്ന് മനസിലാക്കിയിരുന്നോ എന്ന ചോദ്യത്തിന് താൻ ഓർക്കാനിഷ്ടപ്പെടാത്ത ഒന്നാണതെന്നായിരുന്നു റഹ്മാന്റെ മറുപടി. "എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായിരുന്നു അത്. പക്ഷേ, നല്ല കാര്യങ്ങൾ സംഭവിച്ചു. എനിക്ക് വന്നുചേർന്ന പല കാര്യങ്ങൾക്കും ഞാൻ അർഹനല്ലായിരുന്നു എന്നു തോന്നിയിട്ടുണ്ട്. സംഭവിച്ച നല്ല കാര്യങ്ങൾക്കെല്ലാം കുടുംബത്തിനും പ്രാർത്ഥിച്ച എല്ലാവരോടും ദൈവത്തോടും നന്ദി പറയുന്നു."
" ചുറ്റിലും സംഗീതോപകരണങ്ങളായിരുന്നു ചെറുപ്പം മുതൽ. ഒരർത്ഥത്തിൽ ദൈവാനുഗ്രഹമായിരുന്നു അത്. വില കൂടിയ ഉപകരണങ്ങളായിരുന്നു അച്ഛൻ സൂക്ഷിച്ചിരുന്നത്. ഒരിടയ്ക്ക് ഗിറ്റാറിൽ എനിക്ക് കമ്പം കയറുകയും പഠിക്കാനും തുടങ്ങി. പെട്ടന്നൊരിക്കൽ അമ്മ ചോദിച്ചു, എന്തുകൊണ്ടാണ് അച്ഛൻ ബാക്കിവെച്ച കീ ബോർഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതെന്ന്. ഞാൻ ഓ.കെ. പറഞ്ഞു. കൂടുതൽ ആഴത്തിലിറങ്ങിയപ്പോഴാണ് എനിക്കിഷ്ടമുള്ള സയൻസും സംഗീതവും അതിന്റെ ഉച്ഛസ്ഥായിയിലെത്തുന്നത്."
"ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് അമ്മ എന്നോട് ജോലിക്ക് പോകാൻ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ ജീവിതം മുന്നോട്ടു പോകില്ലായിരുന്നു. അതൊരു കഠിനമായ തീരുമാനമായിരുന്നു. അർധമനസോടെയാണ് സ്കൂൾ ക്യാംപസിൽ നിന്നിറങ്ങിയത്. പഠനം ഉപേക്ഷിക്കുന്നതിൽ വിഷമമുണ്ടായിരുന്നു. കുറച്ചു കാലം ജോലി ചെയ്ത ശേഷം പഠനം തുടരാമെന്ന് വിചാരിച്ചിരുന്നെങ്കിലും അതൊരിക്കലും നടന്നില്ല. നല്ല കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു. സ്കൂളിലേക്ക് തിരിച്ചുപോയിരുന്നെങ്കിൽ ഒരു പക്ഷേ, അങ്ങനെയൊന്നും നടക്കുമായിരുന്നില്ല." പഠനം തുടരാതിരുന്നതിൽ കുറ്റബോധം തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യജോലിക്ക് 50 രൂപയായിരുന്നു പ്രതിഫലമെന്ന് റഹ്മാൻ പറഞ്ഞു. "അച്ഛന്റെ സുഹൃത്തായ സംഗീതജ്ഞൻ എം.കെ. അർജുനനാണ് ജോലി തന്നത്. റെക്കോർഡ് പ്ലേയർ ഓപ്പറേഷനായിരുന്നു ജോലി. അച്ഛൻ മരിച്ച് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോളായിരുന്നു അത്. പിന്നെ പരസ്യത്തിനുവേണ്ടി ജിംഗിളുകൾ ചെയ്തു. സംഗീതസംവിധാനത്തിൽ തിരക്കായ സമയം. ഞങ്ങളോടൊപ്പം കുറച്ചു സമയം ചെലവഴിച്ചുകൂടേ എന്ന് കുട്ടികൾ ചോദിക്കുമായിരുന്നു. അപ്പോൾ ഞാൻ പറയും നിങ്ങൾക്ക് പറയാൻ ഒരു അച്ഛനെങ്കിലും ഉണ്ട്. എനിക്ക് അതു പോലുമില്ലായിരുന്നു എന്ന്." റഹ്മാൻ പറഞ്ഞു.
Watch Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..