വിജയ് ചിത്രമായ മെര്‍സലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ആവിഷ്‌കാര സ്വാതന്ത്യത്തെ ഹനിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് നിറമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മുരളി ഗോപി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കുന്നു. 

'ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവര്‍ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടര്‍ക്ക് പൊതുവായി ഒരു പേര് നല്‍കാമെങ്കില്‍ ആ പേരാണ് ''ഫാസിസ്റ്റ്''. ഇവര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനമാണ് ''ഫാസിസം''. അത് മേല്‍പ്പറഞ്ഞ ഒരു നിറത്തിന്റെയും കുത്തകയും അല്ല'- മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്നാട്  ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. തുടര്‍ന്ന് സാംസ്‌കാരിക സിനിമാ രംഗത്തെ നിരവധി വ്യക്തികളാണ് മെര്‍സലിന് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. എന്നാല്‍ പ്രതിഷേധം ശക്തമായപ്പോള്‍ ചിത്രത്തില്‍ നിന്ന് ആ രംഗങ്ങള്‍ മുറിച്ച് മാറ്റാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

അരുണ്‍ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയുടെ നാലാം വാര്‍ഷികത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആവിഷ്‌കാര സ്വാതന്ത്യത്തെ സംബന്ധിച്ച് ഒരു കുറിപ്പായിരുന്നു അത്. 

ഏണസ്റ്റോ ചെഗ്വേരയുടെ പിറന്നാളിന് തിയേറ്ററിലെത്തിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് അദ്ദേഹത്തിന്റെ അവസ്ഥ തന്നെയാണ് നേരിടേണ്ടി വന്നതെന്ന് മുരളി ഗോപി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരില്‍ സിനിമയെ വേട്ടയാടിയപ്പോള്‍ സമൂഹത്തിലെ ബുദ്ധിജീവികള്‍ തിരക്കിലായിരുന്നുവെന്നും എന്നാല്‍ മരണാനന്തരം ചിത്രം ഉയിര്‍ത്തെഴുന്നേറ്റുവെന്നും അദ്ദേഹം കുറിച്ചു. 

ലെഫ്റ്റ് റെറ്റ് ലെഫ്റ്റിനെക്കുറിച്ച് മുരളി ഗോപി ജൂണ്‍ 14 ന് എഴുതിയ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍

ഭീഷണികള്‍ ഏറെ നേരിട്ടെങ്കിലും കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ സിനിമ കുഴപ്പമില്ലാതെ ഓടി. എന്നാല്‍ വടക്കന്‍ ജില്ലകളിലെ ബോക്സ് ഓഫീസില്‍ ചതിയിലൂടെ തന്ത്രപരമായി സിനിമയെ ഒതുക്കി. ആദ്യം കാലിലും പിന്നീട് നെഞ്ചിലും വെടിയുതിര്‍ക്കപ്പെട്ടു. ഹൃദയത്തില്‍ രക്തം വാര്‍ന്ന് ആ സിനിമ മരിച്ചു.

പക്ഷാപാതപരമായി പ്രതികരിക്കുന്ന ബുദ്ധിജീവികള്‍ അന്ന് തിരക്കിലായിരുന്നു. ഞങ്ങള്‍ എന്തല്ല, അതാണെന്ന് അവര്‍ മുദ്രകുത്തി. അവര്‍ സൗകര്യപൂര്‍വ്വം മിണ്ടാതിരുന്നു. ആ സിനിമ എന്തല്ല, അതാണെന്ന് വിശേഷിപ്പിക്കുന്നതും കേട്ടു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തവര്‍ രഹസ്യമായി പുകഴ്ത്തുകയും പരസ്യമായി മിണ്ടാതിരിക്കുകയും ചെയ്തു. ഇന്ന് ആവിഷ്‌കാര സ്വാതന്ത്യത്തിന് വേണ്ടി വാദിക്കുന്നവര്‍ അന്ന് വിരലനക്കിയില്ല. 

എന്നാല്‍ മരണാനന്തരം എല്‍ആര്‍എല്‍ സ്വയം ഉയിര്‍ത്തെഴുന്നേറ്റു. ആളുകളുടെ ഇഷ്ടം കൈവരിക്കുകയും അതില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് താരമൂല്യം ലഭിക്കുകയും ചെയ്തു. ആരുടെ പിറന്നാളിനാണോ സിനിമ വെള്ളിത്തിരയിലെത്തിയത് ഈ വ്യക്തിയുമായി ഇതിനൊരു സാമ്യമുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടപ്പെടുകയും മരണാനന്തരം സ്നേഹിക്കപ്പെടുകയും ചെയ്തു. ആ സിനിമയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ തിയേറ്ററില്‍ പോയി കണ്ട എല്ലാവര്‍ക്കും പ്രത്യേക പൂച്ചെണ്ടുകള്‍.