സിനിമാ സമരം പൊളിച്ച് തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന വന്നിട്ടും പുതിയ സിനിമകളുടെ റിലീസ് സംബന്ധിച്ച് തര്‍ക്കം മാറ്റമില്ലാതെ തുടരുന്നു. ക്രിസ്മസ് റിലീസ് മുടങ്ങിപ്പോയ ചിത്രങ്ങള്‍ അടുത്തയാഴ്ച മുതല്‍ ഒരാഴ്ച ഇടവിട്ട് റിലീസ് ചെയ്യാനുള്ള നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമാണ് പുതിയ തര്‍ക്കത്തിന് കാരണം. പുതിയ ധാരണയനുസരിച്ച് സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ആദ്യം തിയേറ്ററുകളില്‍ എത്തുന്നത്. ജനുവരി പത്തൊന്‍പതിന്. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ ഇരുപത്തിയാറിനും സിദ്ധിക്കിന്റെ ജയസൂര്യ ചിത്രം ഫുക്രി ഫെബ്രുവരി മൂന്നിനും പൃഥ്വിരാജിന്റെ എസ്ര ഫെബ്രുവരി പത്തിനുമാണ് റിലീസ് ചെയ്യേണ്ടത്. പുതിയ സംഘടനയുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെയും സംയുക്ത തീരുമാനം അനുസരിച്ച്. ചിത്രങ്ങള്‍ ഒന്നിച്ച് റിലീസ് ചെയ്താല്‍ ഉണ്ടാവുന്ന വരുമാനനഷ്ടം ഒഴിവാക്കാനായിരുന്നു ഇത്.

ജിബു ജേക്കബിന്റെ മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോളാണ് ഈ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി രംഗത്തുവന്നത്. തന്നോട് കൂടിയാലോചിക്കാതെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി നിശ്ചയിച്ചതെന്ന് സോഫിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംഘടനകള്‍ തീരുമാനിച്ചപോലെ ഈ മാസം ഇരുപത്തിയാറിനല്ല, ഇരുപതിന് തന്നെ ചിത്രം റിലീസ് ചെയ്യും. തിയ്യതി മാറ്റുന്ന പ്രശ്‌നമില്ല. ഇരുപത്തിയാറിനാണ് റിലീസ് എന്നത് ഒരു വ്യാജവാര്‍ത്തയാണ്-സോഫിയ പറഞ്ഞു.

ജോമോന്റെ സുവിശേഷങ്ങള്‍ ഇറങ്ങുന്ന പത്തൊന്‍പതിന് മറ്റ് ചിത്രങ്ങളൊന്നും തിയേറ്ററില്‍ എത്തുന്നില്ല. എന്നാല്‍, മോഹന്‍ലാലിന്റെ മുന്തിരിവള്ളികളുടെ കഥ അതല്ല. ചിത്രം തിയേറ്ററില്‍ എത്തുന്ന ജനുവരി ഇരുപത്തിയാറിന് നാല് മറുഭാഷാ ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. എല്ലാം വമ്പന്‍ താരങ്ങളുടെ ചിത്രങ്ങളാണ്താനും. സൂര്യയുടെ സിങ്കം ത്രി, ഷാരൂഖ് ഖാന്റെ റയീസ്, ജയം രവിയുടെ മിരുതന്‍, ഹൃത്വിക്ക് റോഷന്റെ കാബില്‍ എന്നിവയാണ് ഇരുപത്തിയാറിന് തിയേറ്ററില്‍ എത്തുന്നത്. ഈ വമ്പന്‍ റിലീസുകള്‍ക്കൊപ്പം എത്തുന്നത് മുന്തിരിവള്ളികളെ ബാധിക്കും എന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഉത്സവകാലത്തെ കളക്ഷന്‍ ഇപ്പോള്‍ തന്നെ നഷ്ടപ്പെട്ടു. ഇനി ചിത്രം ഇറങ്ങിയ ഉടനെയുള്ള ഇനിഷ്യല്‍ കളക്ഷന്‍ കൂടി നഷ്ടപ്പെടുത്താനാവില്ല എന്നാണ് അവരുടെ നിലപാട്. അതുകൊണ്ടാണ് ജോമോന്റെ സുവിശേഷങ്ങള്‍ ഇറങ്ങുന്നതിന്റെ പിറ്റേ ദിവസം തന്നെ മുന്തിരിവള്ളികള്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്.