പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയപ്പോള്‍ മോദിയെ അഭിനന്ദിച്ചു കൊണ്ട് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. മോദിയെ അഭിനന്ദിക്കുന്നതോടൊപ്പം തന്റെ മകള്‍ക്കെതിരെ ലൈംഗികാതിക്രമ ഭീഷണി മുഴക്കി ചില ട്രോളുകള്‍ വരുന്നുണ്ടെന്നും ഇത്തരം ട്രോളുകളിലൂടെ വിജയമാഘോഷിക്കുന്ന മോദിയുടെ അണികളെ എങ്ങനെ നേരിടണമെന്നുമാണ് ട്വീറ്റിലൂടെ സംവിധായകന്‍ ചോദിച്ചത്. അന്ന് നിമിഷങ്ങള്‍ക്കകം വൈറലായ ട്രോളുകള്‍ക്കെതിരെ ഇപ്പോള്‍ മുംബൈ പോലീസ് കേസെടുത്തിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐപിസി 504, 509 സെക്ഷനുകള്‍, ഐ ടി ആക്ട് 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈയിലെ അംബോളി പോലീസ് സ്‌റ്റേഷനില്‍ അനുരാഗ് കശ്യപ് നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. കേസ് നടപടികള്‍ ആരംഭിച്ചതിന് പോലീസ് ഉദ്യോഗസ്ഥരോട് നന്ദി അറിയിച്ചു കൊണ്ട് സംവിധായകന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അച്ഛനെന്ന നിലയില്‍ താനിപ്പോള്‍ സുരക്ഷിതനായെന്നും ട്വീറ്റിലൂടെ അദ്ദേഹം പറയുന്നു. മോദിയ്ക്കും കശ്യപ് നന്ദി അറിയിച്ചിട്ടുണ്ട്.

anurag kashyap

മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സംവിധായകന്റെ ട്വീറ്റ് നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ട്വീറ്റിലെ കുറിപ്പ് ഇപ്രകാരമായിരുന്നു.'മോദിസാറിന് അഭിനന്ദനങ്ങള്‍.. ഏവരെയും എന്തിനെയും ഉള്‍ക്കൊള്ളണമെന്ന അങ്ങയുടെ സന്ദേശത്തിനും നന്ദി. അതോടൊപ്പം നിങ്ങളോട് അഭിപ്രായ വ്യത്യാസമുള്ളയാളെന്ന നിലയില്‍..എനിക്കൊന്നു കൂടി പറഞ്ഞു തരൂ.. നിങ്ങളുടെ വിജയമാഘോഷിക്കാന്‍ ഇത്തരം സന്ദശങ്ങളയച്ച് എന്റെ മകളെ ഭീഷണിപ്പെടുത്തുന്ന നിങ്ങളുടെ അണികളെ എന്തു ചെയ്യണം..?' മകളുടെ ഫോട്ടോക്കു താഴെ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീലച്ചുവയുള്ള കമന്റും ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു.

എന്നാല്‍ ആലിയയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ട്രോളുകള്‍ അടങ്ങുന്ന ട്വീറ്റുകള്‍ വ്യാജമാണെന്നും ഫോട്ടോഷോപ്പ് ചെയ്തതാണെന്നും സംവിധായകന്‍ അശോക് പണ്ഡിറ്റ് പറഞ്ഞു. മോദിയെ കരുതിക്കൂട്ടി അപമാനിക്കാനായി നക്‌സലുകള്‍ തയ്യാറാക്കിയതാകാം ഈ ട്രോളുകള്‍ എന്നും അശോക് വാദിച്ചു. എന്നാല്‍ ട്വിറ്ററിലല്ല, ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അവര്‍ തന്റെ മകള്‍ ആലിയയെ പിന്‍തുടരുന്നതെന്നും ആ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്നു പറയാന്‍ മാത്രം തരം താണ വ്യക്തിയാണോ താങ്കളെന്നും കശ്യപ് വിമര്‍ശിച്ചിരുന്നു.

Content Highlights : Mumbai Police registers FIR against trolls threatened Anurag Kashyap's daughter