അമിതഭ് ബച്ചന്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ഗുലാബോ സിതാബോ ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി സംപ്രേഷണം ചെയ്യാനുള്ള അണിയറ പ്രവര്‍ത്തകരുടെ നീക്കത്തില്‍ നീരസം പ്രകടിപ്പിച്ച് മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ ഐനോക്‌സ് രംഗത്തെത്തി. ബച്ചനും ആയുഷ്മാന്‍ ഖുറാനയുടെ അഭിനയിക്കുന്ന ഷൂജിത്ത് സിര്‍ക്കാര്‍ ചിത്രം ജൂണ്‍ പന്ത്രണ്ടിന് ആമസോണ്‍ പ്രൈം വഴി സംപ്രേഷണം ചെയ്യാനാണ് തീരുമാനം.
ഇതിനെതിരേയാണ് ചിത്രത്തിന്റെയോ അണിയറ പ്രവര്‍ത്തകരുടെയോ പേരെടുത്ത് പറയാതെ ഐനോക്‌സ് വിമര്‍ശവുമായി രംഗത്തുവന്നത്. തിയ്യറ്ററുകള്‍ ഒഴിവാക്കി ഒ.ടി.ടി പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കാനുള്ള ഒരു പ്രൊഡക്ഷന്‍ കമ്പനിയുടെ തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ഐനോക്‌സ് ട്വിറ്ററില്‍ കുറിച്ചു. ആശങ്കാജനകമായ നടപടിയാണിതെന്നും അവര്‍ പറഞ്ഞു.
നിര്‍മാതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരും തിയ്യറ്ററുകളും പരസ്പരപൂരകങ്ങളായും പരസ്പരാശ്രയത്തോടെയുമാണ് നാളിതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഈയൊരു പരസ്പരബന്ധമാണ് ചിലരുടെ നടപടി മൂലം ഇപ്പോള്‍ ഇല്ലാതാവുന്നത്. ഒന്നിച്ചുനിന്ന് സിനിമയെ പൂര്‍വപ്രതാപകാലത്തെത്തിക്കേണ്ട ഈ പ്രതിസന്ധികാലത്ത് ഇത്തരമൊരു നീക്കമുണ്ടായത് നിരാശാജനകമാണ്. ഇത്തരം നടപടികള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇത്തരക്കാരെ ഭാവിയില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യം ഗൗരവപൂര്‍വം ആലോചിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഗുലാബോ സിതാവോ മാത്രമല്ല, മലയാള ചിത്രം സൂഫിയും സുജാതയും അടക്കം ഒരു ഡസനോളം ചിത്രങ്ങളാണ് ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്ലിക്സിലും ഹോട്‌സ്റ്റാറിലലമായി സംപ്രേഷണത്തിന് ഒരുങ്ങുന്നത്. വിദ്യാബാലന്റെ ശകുന്തളദേവി, അനുരാഗ് കശ്യപ്, നവാസുദ്ധീന്‍ സിദ്ദിഖി ടീമിന്റെ ഗൂംകേതു, ലുഡോ (നെറ്റ്ഫ്‌ളിക്‌സ്; അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് (ഹോട്‌സ്റ്റാര്‍) തുടങ്ങിയവയെല്ലാം ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് പ്രേക്ഷകരിലെത്താന്‍ ഒരുങ്ങുന്നത്.
Content Highlights: Multiplex chain INOX 'disappointed' by film releasing directly to OTT