സ്ത്രീകൾ ജോലി ചെയ്യാൻ ആരംഭിച്ചതാണ് മീ ടൂ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ശക്തിമാൻ താരം മുകേഷ് ഖന്ന. സ്ത്രീകൾ വീട്ടിൽ ഇരിക്കേണ്ടവരാണെന്നും പുരുഷൻമാർക്കൊപ്പം തുല്യരല്ലെന്നും മുകേഷ് ഖന്ന പറയുന്നു. ഒരു അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. വീഡിയോ വെെറലായതോടെ നടനെതിരേ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. 


സ്ത്രീകളുടെ ജോലി വീട്ടുകാര്യങ്ങൾ നോക്കുകയാണ്. അല്ലാതെ പുറത്തിറങ്ങി ജോലി ചെയ്യുന്നതല്ല. സ്ത്രീകൾ പുറത്തിറങ്ങി ജോലി ചെയ്യാൻ ആരംഭിച്ചതു മുതലാണ് മീ ടൂ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. സ്ത്രീകൾ പുരുഷൻമാർക്കൊപ്പം തോളോടു തോൾ ചേർന്ന് നടക്കണമെന്നാണ് പറയുന്നത്. സ്ത്രീയും പുരുഷനും തുല്യരല്ല. ഇപ്പോൾ എല്ലാവരും സ്ത്രീ വിമോചനത്തെക്കുറിച്ച് സംസാരിക്കുകയാണ്, അവിടെയാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. സ്ത്രീകൾ ജോലിക്കു പോകുമ്പോൾ അതിന്റെ പരിണിത ഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കുട്ടികളാണ്. മുത്തശ്ശിക്കൊപ്പമിരുന്ന് അവൻ എപ്പോഴും ടി.വി കാണുന്നു. പുരുഷൻമാർ ചെയ്യുന്നത് മുഴുവൻ സ്ത്രീകൾക്കും ചെയ്യണമെന്നാണ് അവർ പറയുന്നത്. അത് സാധ്യമല്ല. സ്ത്രീകൾ എല്ലായ്പ്പോഴും സ്ത്രീകൾ തന്നെ, പുരുഷൻമാർ എല്ലായ്പ്പോഴും പുരുഷൻമാരും.

ട്വിറ്റർ, ഫെയ്സ്ബുക്ക് പോലുള്ള സമൂഹ മാധ്യമത്തിൽ മുകേഷ് ഖന്നയെക്കെതിരേ ഒട്ടനവധിയാളുകൾ രം​ഗത്തെത്തിയിരിക്കുകയാണ്. ശക്തിമാൻ കുട്ടിക്കാലത്ത് തങ്ങളുടെ ഹീറോ ആയിരുന്നുവെന്നും എന്നാൽ മുകേഷ് ഖന്ന ആ കഥാപാത്രത്തെ സീറോ ആക്കി കളഞ്ഞുവെന്നും അഭിപ്രായപ്പെടുന്നു. പിന്തിരിപ്പൻ ചിന്താ​ഗതിയുള്ള മുകേഷ് ഖന്നയ്ക്ക് വേണ്ടി തന്റെ ബാല്യകാലത്തെ വിലപ്പെട്ട സമയം കളഞ്ഞതിൽ അതിയായ ദുഖം തോന്നുന്നുവെന്നും ചിലർ കുറിച്ചു. 

Content Highlights: Mukesh Khanna, Shaktimaan says women aren’t equal to men, should stay at home, misogyny remark, mocks Me Too campaign