മുകേഷ്, മമ്മൂട്ടി
മമ്മൂട്ടിയുടെ പേരില്‍ മിലിട്ടറി കാന്റീനില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം തരപ്പെടുത്തിയ കഥ പറഞ്ഞ് നടന്‍ മുകേഷ്. 'മുകേഷ് സ്പീക്കിങ്' എന്ന തന്റെ പുതിയ യൂട്യൂബ് ചാനലില്‍ 'മമ്മൂക്ക മാപ്പ്' എന്ന വീഡിയായിലാണ് നടന്റെ വെളിപ്പെടുത്തല്‍. ഈ വിവരം മമ്മൂട്ടി പോലും അറിയുന്നത് ഇപ്പോഴായിരിക്കുമെന്നും മുകേഷ് പറയുന്നു.
നായര്‍ സാബ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാശ്മീരിലാണ് ഷൂട്ടിങ് നടക്കുന്നത്. അവിടുത്തെ പട്ടാള കാമ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മലയാളിയായിരുന്നു. അദ്ദേഹം മമ്മൂട്ടിയുടെ ആരാധകനും. തങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തു തരണമെന്ന് അദ്ദേഹം ജൂനിയര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് പട്ടാള കാന്റീനില്‍ സാധനങ്ങള്‍ക്ക് വിലകുറവാണെന്ന് അറിയുന്നത്. മദ്യത്തിനും വില കുറവാണെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു. ഒരിക്കല്‍ ഒപ്പമുള്ള നടന്റെ പിറന്നാള്‍ വന്നു. പാര്‍ട്ടി നടത്താന്‍ ഒരു കുപ്പി വേണമെന്ന് അവര്‍ എന്നോട് പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ഞാന്‍ ഈ കാര്യം ഉദ്യോഗസ്ഥനോട് പറഞ്ഞു. അദ്ദേഹം ആവേശത്തോടെ ഒരു കുപ്പി എത്തിച്ചു. 300 രൂപയുടെ കുപ്പിയ്ക്ക് അവിടെ 100 രൂപ മാത്രമേ വിലയുള്ളൂ.
ഈ വിവരം എല്ലായിടത്തും ചര്‍ച്ചയായി. എങ്ങനെയെങ്കിലും ഒരു കുപ്പി കൂടി വേണം. ഇനി ഞാന്‍ ചോദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. ഒടുവില്‍ ഞാന്‍ ജൂനിയര്‍ ഉദ്യോഗസ്ഥനോട് വിവരം പറഞ്ഞു. ഒരു ചെറിയ കാര്യമുണ്ട്. ബര്‍ത്ത് ഡെ സെലിബ്രേഷനില്‍ മമ്മൂക്കയും വന്നിരുന്നു. പുള്ളി കഴിക്കാത്തതാണ്. വളരെ അപൂര്‍വമായെ കഴിക്കാറുള്ളു. ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു സിപ് കഴിച്ചു,. അദ്ദേഹം പറഞ്ഞു കൊള്ളാമെന്ന്. ഒരു ബോട്ടില്‍ കൂടി കിട്ടുമോ എന്നും ചോദിച്ചു.
ഇതുകേട്ടതും ഉദ്യോഗസ്ഥന്‍ പറഞ്ഞു, 'രണ്ട് ബോട്ടില്‍ തരാം എന്റെ കെയര്‍ ഓഫില്‍ തന്നെ, പൈസ വേണ്ട എന്ന്. പൈസ വാങ്ങണം എന്ന് പറഞ്ഞ് 200 രൂപ കൊടുത്ത് 2 കുപ്പി വാങ്ങി. ഒരു തുള്ളി പോലും മദ്യം കഴിക്കാത്ത മമ്മൂക്ക ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥന് മമ്മൂക്കയോടുള്ള ആരാധന കൂടി വന്നു. താന്‍ എല്ലാം നന്നായി നോക്കുന്നുണ്ടെന്ന് മമ്മൂക്കയോട് പറയണമെന്ന് അദ്ദേഹം പറഞ്ഞു.
ദിവസവും അദ്ദേഹം മമ്മൂക്കയോട് ചോദിക്കും. ഏങ്ങനെ ഉണ്ടായിരുന്നു സര്‍ ഇന്നലെ എന്ന്. സിനിമാ ഷൂട്ടിങിനെ പറ്റിയാണ് കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയും കൊടുക്കും. അങ്ങനെ കുറേ ദിനങ്ങള്‍. ഒടുവില്‍ ഷൂട്ടിങ് തീരുന്ന ദിനം ഉദ്യോഗസ്ഥന്‍ മമ്മൂക്കയോട് വന്നു പറഞ്ഞു, 'കാറിനകത്ത് കുറച്ച് കേറ്റി വയ്ക്കട്ടെ' എന്ന്. മമ്മൂക്ക ചോദിച്ചു 'എന്ത്', 'അല്ല കാന്റീനില്‍ നല്ല ഇനം വന്നിട്ടുണ്ട്' ഓഫിസര്‍ പറഞ്ഞു. വേണ്ട കാറിനകത്ത് ഒന്നും കയറ്റേണ്ടെന്ന് മമ്മൂക്ക പറഞ്ഞു. ഇദ്ദേഹം തിരിച്ചുപോയപ്പോള്‍ മമ്മൂക്ക അന്ന് തന്നോട് ആദ്യമായി ചോദിച്ചു, 'അദ്ദേഹം എന്താണ് പറഞ്ഞതെന്ന്'. ഞാന്‍ പറഞ്ഞു, ആത്മാര്‍ത്ഥ കൂടുതലാണ്. ജ്യൂസ് അടിക്കുന്ന രണ്ടു മിക്സി കാറില്‍ കയറ്റി വയ്ക്കട്ടെ എന്നാണ് ചോദിച്ചത്.
മമ്മൂക്കയുടെ വീട്ടില്‍ 200 മിക്സി ഉണ്ടെന്ന് ഞാന്‍ പറഞ്ഞു, അതും ലോകത്തിന്റെ പല ഭാഗത്തു നിന്നും വാങ്ങിയതാണെന്നും. എന്തായാലും തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. ഇന്നായിരിക്കും അദ്ദേഹം ഈ സത്യം അറിയുന്നത്, മമ്മൂക്ക മാപ്പ്.
Content Highlights: Mukesh Speaking, actor mukesh reveals how he bought liquor using Mammootty's name, Nayar sab film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..