മലയാള സിനിമാ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ-മുകേഷ് ടീമിന്റേത്. സിനിമയ്ക്ക് അകത്തും പുറത്തും സുഹൃത്തുക്കളായി തുടരുന്ന ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളിലേറെയും സൂപ്പർഹിറ്റുകളുമാണ്. സിനിമകള്‍ക്ക് പുറമെ നിരവധി സ്റ്റേജ് ഷോകളിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ചുള്ള രസകരമായ ഓർമ പങ്കുവയ്ക്കുകയാണ് മുകേഷ്. ഒരു അമേരിക്കന്‍ പ്രോഗ്രാമിന് പിന്നിൽ നടന്ന രസകരമായ കാര്യങ്ങളാണ് തന്റെ യൂട്യൂബ് ചാനലിലൂടെ മുകേഷ് പങ്കുവച്ചത്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ബ്രഹ്മാണ്ഡ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് പ്രിയദര്‍ശനും മോഹന്‍ലാലും ജയറാമും ശോഭനയും കെ.പി.എ.സി ലളിതയും നഗ്മയും കനകയുമടങ്ങുന്ന വലിയൊരു സംഘം അമേരിക്കയിലേക്ക് പോകുന്നു. എന്നാല്‍ പോകാന്‍ എല്ലാം ഉറച്ച ശേഷം ഉണ്ടായ ഒരു പ്രശ്‌നവും അത് പരിഹരിച്ചതിന് പിന്നിലെ തമാശകളുമാണ് മുകേഷ് വെളിപ്പെടുത്തുന്നത്. 

മുകേഷിന്റെ വാക്കുകൾ

കെ.പി.എ.സി ലളിത അമേരിക്കയിലേക്ക് രണ്ട് തന്റെ മക്കളേയും കൂട്ടിയിരുന്നു (സിദ്ധാര്‍ത്ഥും ശ്രീക്കുട്ടിയും). ഇവര്‍ക്ക് 18,19 ഒക്കെയായിരുന്നു അന്ന് പ്രായം. പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ ഈ പ്രായത്തിലുള്ളവര്‍ക്ക് എംബസി വിസ അനുവദിക്കില്ല. ഇതോടെ ആകെ പ്രശ്‌നമായി. മക്കളില്ലാതെ താന്‍ വരില്ലെന്ന് ലളിത ചേച്ചി തീര്‍ത്തുപറഞ്ഞു. ലളിത ചേച്ചിയെ മാറ്റി പ്രോഗ്രാമിനെക്കുറിച്ച് ആലോചിക്കാനും വയ്യ. ആകെ വലഞ്ഞ സമയത്താണ് എംബസി ഉദ്യോഗസ്ഥന്‍ മോഹന്‍ലാല്‍ ഫാനാണെന്ന് അറിയുന്നത്.  മോഹന്‍ലാല്‍ ഒരു ഉറപ്പ് തന്നാല്‍ എല്ലാവര്‍ക്കും വിസ അനുവദിക്കാമെന്ന് എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പക്ഷേ ഇവരിൽ ആരെങ്കിലും അവിടെ തങ്ങിയാൽ ടീമിന്റെ ലീഡറെന്ന നിലയിൽ മോഹൻലാൽ ബ്ലാക്ക്ലിസ്റ്റിൽ പെടും. അത് ഓകെ ആണെങ്കിൽ ഇവരെ കൊണ്ടുപോകാമെന്ന് പറഞ്ഞു.

എല്ലാവരും ആകെ സ്തബ്ദരായി നിൽക്കുന്ന സമയത്ത് ഞാൻ ചാടിക്കേറി ഓകെ പറഞ്ഞു. അതോടെ എല്ലാവരുടെയും മുഖത്ത് സന്തോഷം വന്നു. മോഹൻലാലിന്റെ മുഖത്ത് മാത്രം അത്ര വലിയ സന്തോഷമില്ല. അങ്ങനെ മോഹൻലാൽ അയാളുടെ ഓഫീസിൽ പോയി. 44 പേരുടെ വിസയും സ്റ്റാമ്പ് ചെയ്ത് മോഹൻലാൽ പുറത്ത് വന്നു.

പോകാനായി കാറിൽ കയറാൻ നേരത്ത് മോഹൻലാൽ എന്റെ ചെവിയിൽ പറഞ്ഞു- കാര്യമൊക്കെ ശരി തന്നെ, നീയൊന്ന് ശ്രദ്ധിക്കണം. ഈ 44 പേരും തിരിച്ചു വരണം ഇല്ലെങ്കിൽ നിനക്ക് കുഴപ്പമാണ്. ഞാന്‍ ചോദിച്ചു, എനിക്കെന്ത് കുഴപ്പം? നിങ്ങളുടെ കാര്യമല്ലേ പറഞ്ഞത്.അപ്പോള്‍ ലാല്‍ പറഞ്ഞു, അതേ.. അതാണ് ഞാനകത്ത് കയറിയത്. ഞാൻ പറഞ്ഞു എനിക്ക് ലീഡറെന്ന നിലയില്‍ എല്ലാം ശ്രദ്ധിക്കാന്‍ പറ്റില്ല. അതുകൊണ്ട് എന്റെ കൂടെ ഉള്ള മുകേഷിന്റെ പേര് കൂടെ ചേര്‍ക്കണം, ഈ സംഘത്തിലെ ആരെങ്കിലും വന്നില്ലെങ്കില്‍ അദ്ദേഹത്തിനെക്കൂടെ കരിമ്പട്ടികയില്‍പ്പെടുത്തണം എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന്.

പിന്നീട് ആരെയെങ്കിലും പത്ത് മിനിറ്റ് കണ്ടില്ലെങ്കിൽ മോഹന്‍ലാല്‍ ഓടി വന്ന് പറയും അയാളെ കാണാനില്ല കേട്ടോ, നിനക്ക് പിന്നെ ജന്മത്ത് ഇവിടെ കാലുകുത്താൻ പറ്റില്ല എന്നൊക്കെ. എന്റെ പേര് കൂടി എഴുതി കൊടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ എന്ന് ഞാനും ചോദിക്കും. അങ്ങനെ ആരെങ്കിലും മുങ്ങുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. മൂന്ന് പരിപാടികളും ​ഗംഭീര വിജയമായി. പിന്നീട് ഷോ ഒക്കെ കഴിഞ്ഞ് എല്ലാവരേയും പറഞ്ഞ് വിട്ടശേഷമാണ്  എന്റെ പേര് കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്ന് മോഹന്‍ലാല്‍ വെറുതെ പറഞ്ഞതാണെന്ന് മനസിലായത്.  

content highlights : Mukesh About American stage show with Mohanlal funny story