കൊച്ചി: തന്റെ ആദ്യ സിനിമയാണെങ്കിലും വ്യത്യസ്തമായ പ്രമേയം ഉണ്ടാകണമെന്ന ചിന്തയാണ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'മഡ്ഡി'ക്ക് പിന്നിലെന്ന് സംവിധായകന്‍ ഡോ. പ്രഗഭല്‍. ആറു ഭാഷകളിലായി മഡ് റേസ് പ്രമേയമാക്കി പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായ മഡ്ഡിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു സംവിധായകന്‍. 

മഡ് റേസിംഗാണ് ചിത്രത്തിന്റെ പ്രമേയം. റേസിംഗില്‍ കാഠിന്യമേറിയതാണ് മഡ് റേസിംഗ്. ചിത്രീകരണവും അത്രയേറ കാഠിന്യം നിറഞ്ഞതായിരുന്നു. കാടിനകത്ത് വെച്ച് തന്നെയായിരുന്നു ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ വളരെ സാഹസികമായിട്ടായിരുന്നു ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. രണ്ട് വര്‍ഷത്തേക്ക് എങ്കിലും ഫ്രീ ആയിട്ടുള്ള താരങ്ങളെയായിരുന്നു തനിക്ക് ചിത്രത്തിനായി ആവശ്യം. നവാഗത സംവിധായകനായതുകൊണ്ട് തന്നെ അതും ഒരു വെല്ലുവിളിയായിരുന്നുവെന്നും പ്രഗഭല്‍ പറഞ്ഞു. 

നവാഗതരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ഇവരെ ദേശീയ തലത്തിലുള്ള റേസിംഗ് ജോതാക്കളോടൊപ്പം രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ച ശേഷം ഡ്യൂപ്പുകളില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തന്റെ ആദ്യ സിനിമയാണെങ്കിലും വ്യത്യസ്തമായ പ്രമേയം ഉണ്ടാകണമെന്ന ചിന്തയാണ് ഇത്തരത്തില്‍ മഡ് റേസ് പ്രമേയമാക്കി ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

'കെജിഎഫ്'എന്ന ചിത്രത്തിന്റെ  സംഗീത സംവിധായകന്‍ രവി ബസ്‌റൂര്‍ ആദ്യമായി മലയാളത്തിലെത്തുന്നുവെന്നും 'മഡ്ഡി'യുടെ പ്രത്യേകതയാണ്. രഞ്ജിപണിക്കര്‍, ഹരീഷ് പേരടി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം തീയേറ്ററിലാണ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. കെ ജി രതീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlights: Muddy movie, Dr Pragabhal, mud race movie in malayalam, Ravi Basrur