മനുഷ്യബന്ധങ്ങളുടെ കരുത്തും സങ്കീര്‍ണതയും എം.ടിയെപ്പോലെ എഴുത്തിലും സിനിമയിലും ഇത്രമേല്‍ ആഴത്തില്‍ വരച്ചിട്ട മറ്റൊരാളില്ല മലയാളത്തില്‍. മുറപ്പെണ്ണ് മുതലിങ്ങോട്ടുള്ള ചിത്രങ്ങളില്ലെല്ലാം ഈ ബന്ധങ്ങളുടെ പല അവസ്ഥാകളും പല തലങ്ങളും പല വ്യാഖ്യാനങ്ങളും വരച്ചിട്ടിട്ടുണ്ട് എം.ടി.
എന്നാല്‍, വെള്ളിത്തിരയില്‍ താന്‍ സാക്ഷാത്കരിച്ച ബന്ധങ്ങളുടെ കഥയ്ക്ക് ഒരു പ്രേക്ഷക ചമച്ച വ്യാഖ്യാനത്തില്‍ ഒരിക്കല്‍ എം.ടി. തന്നെ അത്ഭുതപ്പെട്ടുപോയ ചരിത്രമുണ്ട്. ഗൃഹലക്ഷ്മിയുടെ ഓണപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ എം.ടി. തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നു. ആ ചോദ്യത്തിന് എന്ത് ഉത്തരം നല്‍കുമെന്ന് അറിയാതെ താന്‍ ഉള്ളില്‍ ചിരിച്ചുപോയിട്ടുണ്ടെന്ന് എം.ടി. പറയുന്നു.

"ഞാന്‍ ഒരു ചെറിയ പടം ചെയ്തല്ലോ. ഒരു ചെറു പുഞ്ചിരി. ഒടുവില്‍ ഉണ്ണികൃഷ്ണനും നിര്‍മലയും ആണ് അതില്‍. വൃദ്ധ കഥപാത്രങ്ങള്‍. അത് ബര്‍ലിന്‍ ഫെസ്റ്റിവലിലൊക്കെ പോയി. എല്ലാവര്ക്കും വലിയ കാര്യമായിരുന്നു. ആദ്യ ഷോ കഴിഞ്ഞ് ഞാന്‍ എവിടേയ്ക്കോ പോയി. എന്നെ അവര്‍ തേടിപ്പിടിച്ച്, എങ്ങിനെയൊക്കെയോ കണ്ടുപിടിച്ച് വന്നു. ഞാന്‍ വീണ്ടും അവിടേയ്ക്ക് പോവണം. നോക്കുമ്പോള്‍ വീണ്ടും ഷോ വച്ചിട്ടുണ്ട്. അത് കഴിഞ്ഞ് അടുത്ത ദിവസം ഒരു ഗെറ്റ് ടുഗതര്‍. അതില്‍ ഒരു ലേഡി എന്നോടു ചോദിച്ചു. സാര്‍ ആര് ദെ സ്റ്റില്‍ ഹാവിങ് സെക്സ്? എന്താ അതിന് മറുപടി പറയുക. ഞാന്‍ ഉള്ളില്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു, ഐ മസ്റ്റ് ആസ്ക് ദെം.
വടക്കന്‍ വീരഗാഥയില്‍ ചന്തു ഉണ്ണിയാര്‍ച്ചയോട് പറയുന്ന ശാപവാക്കുകള്‍ തന്റേതായി കാണേണ്ടതില്ലെന്ന് പറയുന്നു എം.ടി. അത് ചന്തുവിന്റേത് തന്നെയാണ്. അയാള്‍ക്ക് അങ്ങിനെ പറയാന്‍ തോന്നുന്നു. അയാളുടെ ഉള്ളില്‍ ഒരു പകയുണ്ടല്ലോ. ഒന്നിച്ച് വളര്‍ന്നു, മോഹിച്ചു. കാത്തിരുന്നു. എന്നിട്ട് നിസ്സാരമായിട്ട് വേണ്ട എന്നു വെച്ചല്ലോ. അയാളില്‍ ആ പകയുണ്ടാവും. രോഷമുണ്ടാവും. സ്വാഭാവികം. ആ കഥാപാത്രം അങ്ങിനെ പറയുന്നതില്‍ ന്യായമുണ്ട്. എഴുത്തുകാരന് അവിടെ പ്രതിയല്ല- എം.ടി. പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം