കോഴിക്കോട്: മലയാളിത്തത്തിന്റെയും കേരളീയതയുടെയും സംസ്‌കൃതി സൂക്ഷ്മമായി അവതരിപ്പിച്ച ഗാനങ്ങളാണ് പി. ഭാസ്‌കരന്‍ മാസ്റ്ററുടേതെന്ന് എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍നായര്‍ അഭിപ്രായപ്പെട്ടു. കേരളീയ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായി മാറിയ ഗാനങ്ങളാണ് അവയെന്നും എം.ടി. പറഞ്ഞു.

പി. ഭാസ്‌കരന്‍ മാസ്റ്റര്‍ പുരസ്‌കാരം കെ. ജയകുമാറിന് സമ്മാനിച്ചശേഷം അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാട്ടെഴുതാത്ത കവികള്‍ക്ക് പാട്ടെഴുത്ത് മോശം കാര്യമായി തോന്നാമെന്ന് എം.ടി. പറഞ്ഞു. മൂവായിരം ഗാനങ്ങളാണ് ഭാസ്‌കരന്‍ മാസ്റ്റര്‍ രചിച്ചത്. ഗദ്യം വെട്ടിമുറിച്ച്, പത്രാധിപരുടെ സഹായത്തോടെ അച്ചടിക്കുന്നവരാണ് പാട്ടെഴുത്തുകാരെ പരിഹസിക്കുന്നത്. ഒ.എന്‍.വി.ക്ക് പദ്മശ്രീ കിട്ടിയപ്പോള്‍, 'പാട്ടെഴുത്തുകാരന്‍ ഒ.എന്‍. വേലുക്കുറുപ്പിന് പദ്മശ്രീ കിട്ടി'യെന്ന് ഒരു ടെലിവിഷന്‍ചാനലില്‍ പരിഹസിച്ചത് കണ്ടു. അമേരിക്കയില്‍ ഒരു പാട്ടെഴുത്തുകാരന് നൊബേല്‍സമ്മാനം കിട്ടിയപ്പോള്‍ ഇത്തരം പരിഹാസമൊന്നും എവിടെയും കണ്ടില്ല. ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലനാണ് നൊബേല്‍സമ്മാനം നേടിയത്. ഇവിടെയാണെങ്കില്‍ എന്താണ് പാട്ടെഴുത്തുകാരന് അവാര്‍ഡിന് അര്‍ഹത എന്നു ചോദിച്ചേനേ. ഭാസ്‌കരന്‍ മാസ്റ്റര്‍ ഗുരുസ്ഥാനീയനും ജ്യേഷ്ഠതുല്യനുമാണ്. വീട്ടിലെ പത്തായപ്പുരയില്‍ ചെറുപ്പത്തില്‍ കണ്ട അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങള്‍ ഓര്‍ക്കുന്നു. വില്ലാളി, മര്‍ദിതര്‍, വയലാര്‍ ഗര്‍ജിക്കുന്നു എന്നിവയായിരുന്നു അവ. ഒരു ബഹുമുഖപ്രതിഭയുടെ പേരിലുള്ള പുരസ്‌കാരം മറ്റൊരു ബഹുമുഖപ്രതിഭയ്ക്കു നല്‍കുന്നതിന് അവസരമുണ്ടായതില്‍ വലിയ സന്തോഷമുണ്ടെന്നും എം.ടി. പറഞ്ഞു.

കോഴിക്കോടിന്റെ ലാളന ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും പാട്ടെഴുത്തുകാരനാവില്ലായിരുന്നുവെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കെ. ജയകുമാര്‍ പറഞ്ഞു. ഐ.എ.എസ്. എന്ന സ്വപ്നം കാണും മുമ്പേ കോഴിക്കോടെന്ന സ്വപ്നമുണ്ടായിരുന്നു. അച്ഛന്‍ പറഞ്ഞ കഥകളിലൂടെയാണ് കോഴിക്കോടിനെ അറിഞ്ഞത്. എം.എസ്. ബാബുരാജിനെക്കുറിച്ച്, കോഴിക്കോടിന്റെ മധുരങ്ങളെക്കുറിച്ച് അച്ഛന്റെ വാക്കുകളില്‍നിന്നു കേട്ട് ഇവിടെ താമസമാക്കണമെന്ന് മോഹിച്ചിരുന്നു. ബാബുരാജിനെക്കുറിച്ച് പറയാതെ ഭാസ്‌കരന്‍മാസ്റ്ററെക്കുറിച്ചുള്ള ഓര്‍മ പൂര്‍ണമാവില്ല. ഡെപ്യൂട്ടി കളക്ടറായും കളക്ടറായും കോഴിക്കോട്ടെത്തിയപ്പോള്‍ ഈ നാടിന്റെ സ്നേഹം ആവോളം അനുഭവിച്ചു. പാട്ടെഴുത്തുകാരനാവണമെന്ന മോഹം കലശലായപ്പോള്‍ പി.വി. ഗംഗാധരനെയാണ് സമീപിച്ചത്. അദ്ദേഹം 'ഒഴിവുകാലം' എന്ന ചിത്രത്തില്‍ അവസരം നല്‍കി. പിന്നീട് അദ്ദേഹം നിര്‍മാതാവായ 'ഒരു വടക്കന്‍വീരഗാഥ'യ്ക്കുവേണ്ടി എഴുതി. എം.ടി.യുടെ സാന്നിധ്യമാണ് ആ പാട്ടുകള്‍ മികച്ചതാകാന്‍ കാരണം -ജയകുമാര്‍ പറഞ്ഞു.

കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അനുസ്മരണസമിതി പ്രസിഡന്റ് പി.വി. ഗംഗാധരന്‍ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, വി.ആര്‍. സുധീഷ്, ഡോ. കെ. മൊയ്തു, എന്‍.ഇ. ബാലകൃഷ്ണമാരാര്‍, ജയശ്രീ കിഷോര്‍, കെ.എസ്. വെങ്കിടാചലം, പി. രാധാകൃഷ്ണന്‍, എം. രാജന്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍ണേന്ദു പ്രാര്‍ഥന അവതരിപ്പിച്ചു. പി. ഭാസ്‌കരന്റെ ഗാനങ്ങളും കവിതകളും കോര്‍ത്തിണക്കിയ ഗാനോപഹാരത്തോടെയാണ് ചടങ്ങ് സമാപിച്ചത്.

Content Highlights : MT Vasudevan Nair About  P Bhaskaran