പുതുവര്‍ഷ ദിനത്തില്‍ തമിഴ് നടന്‍ എം.എസ് ഭാസ്‌കറിന് മകള്‍ നല്‍കിയത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സമ്മാനമായിരുന്നു. താന്‍ ഏറെ ഇഷ്ടപ്പെടുന്ന ബുള്ളറ്റ് ബൈക്കായിരുന്നു  മകള്‍ ഐശ്വര്യ ഭാസ്‌കറിന് നല്‍കിയത്. മകള്‍ നല്‍കിയ സമ്മാനം ഭാസ്‌കറിനെ ആനന്ദകണ്ണീരിലാഴ്ത്തി. വീഡിയോ വൈറലായതോടെ ഐശ്വര്യയെയും ഭാസ്‌കറിനെയും തേടി നിരവധി അഭിനന്ദനങ്ങളാണ് വന്നത്. 

തനിക്ക് സമ്മാനം നല്‍കിയ മകള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാന്‍ ഭാസ്‌കറും തീരുമാനിച്ചു. പ്രശസ്ത വിനോദ വെബ്‌സൈറ്റ് ബിഹൈന്‍ഡ്ഹുഡാണ് ഭാസ്‌കറിന് ഒരു വേദി ഒരുക്കി കൊടുത്തത്. ആദ്യം ഐശ്വര്യയുടെ കണ്ണു കെട്ടുകയും പ്രിയപ്പെട്ട കാര്‍ബറീസ് ഡയറിമില്‍ക്ക് സില്‍ക്ക് ചോക്ലേറ്റ് നല്‍കുകയും ചെയ്തു. 

പിന്നീടാണ് ഐശ്വര്യ അച്ഛന് ബുള്ളറ്റ് നല്‍കിയ കഥ പറഞ്ഞത്. 

'അപ്പയ്ക്ക് പതിനഞ്ച് വര്‍ഷം മുന്‍പാണ് ബുള്ളറ്റിനോട് കടുത്ത ആഗ്രഹം ഉണ്ടാകുന്നത്. പക്ഷേ അന്ന് സാമ്പത്തികമായി നല്ല നിലയില്‍ അല്ലായിരുന്നു. അപ്പയ്ക്ക് ബുള്ളറ്റ് വാങ്ങി നല്‍കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഈ സെപ്തംബര്‍ മുതല്‍ പണം സൂക്ഷിച്ചുവച്ച് ഞാന്‍ അതു വാങ്ങി- ഡബ്ബിംങ് ആര്‍ട്ടിസ്റ്റായി പേരെടുത്ത ഐശ്വര്യ പറയുന്നു. '

പിന്നീട് ഭാസ്‌കറും സ്റ്റുഡിയോയില്‍ എത്തി. കണ്ണിലെ കെട്ടഴിച്ച ഐശ്വര്യ അച്ഛനെ കണ്ട് ഞെട്ടി. നിനക്ക് മാത്രമല്ല എനിക്കും സര്‍പ്രൈസ് നല്‍കാന്‍ കഴിയും എന്നായിരുന്നു ഭാസ്‌കറിന്റെ പ്രതികരണം. പിന്നീട് മകള്‍ തനിക്ക് നല്‍കിയ സമ്മാനത്തെക്കുറിച്ച് വായ്‌തോരാതെ ഭാസ്‌കര്‍ സംസാരിച്ചു.

'ഒരു അച്ഛനെന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമായിരുന്നു അത്. അവള്‍ എന്നെ കരയിപ്പിച്ചു. ബീച്ചിലായത് കൊണ്ടാണ് ഒരു പരിധിവരെ നിയന്ത്രിച്ചത്. ഞാന്‍ മലയാളം ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. മൊത്തം കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ഇത് ആസൂത്രണം ചെയ്തത്. 

'നമ്മുടെ വീട്ടില്‍ പെണ്‍കുട്ടി പിറന്നാല്‍ ലക്ഷ്മി വന്നു എന്നാണ് പറയാറ്. കൊച്ചു കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അവള്‍ എന്റെ ആഗ്രഹങ്ങളെ മനസ്സിലാക്കിയിരുന്നു. ബുള്ളിറ്റിനോട് എനിക്ക് കടുത്ത ഇഷ്ടമുണ്ടെന്ന് അവള്‍ അറിയാമായിരുന്നു. അവള്‍ തനിയെ ജോലിയെടുത്ത് സംമ്പാദിച്ച് എനിക്ക് ബുള്ളറ്റ് വാങ്ങി തന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത നിമിഷമായിരുന്നു അത്.' 

Content Highlights: actor MS Bhaskar and daughter Aishwarya, Ms Bhaskar gives surprise to daughter