ചിത്രത്തിന്റെ പോസ്റ്റർ, ബാബുരാജ് | photo: facebook/neelavelichammovie, mathrubhumi archive
എം.എസ്. ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിക്കുന്നതിനെതിരേ ബാബുരാജിന്റെ കുടുംബം നിയമനടപടിയിലേക്ക്. ബാബുരാജിന്റെ ഗാനങ്ങള്‍, 'നീലവെളിച്ചം' എന്ന സിനിമയില്‍ ഉപയോഗിക്കുന്നതിനെതിരേ സംവിധായകന്‍ ആഷിഖ് അബു, സംഗീതസംവിധായകന്‍ ബിജിബാല്‍ എന്നിവര്‍ക്കാണ് ബാബുരാജിന്റെ മക്കള്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സാംസ്‌കാരികമന്ത്രി സജി ചെറിയാന് പരാതിയും നല്‍കി. ബാബുരാജിന്റെ സംഗീതത്തിന്റെ മാസ്മരികതയും തനിമയും നശിപ്പിക്കുന്ന തരത്തിലാണ് റീ മിക്‌സ് ചെയ്ത ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. റീമിക്‌സ് ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ടി.വി. ചാനലുകളില്‍നിന്നും പിന്‍വലിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. മധു പോള്‍ ആണ് കീബോര്‍ഡ് കൈകാര്യം ചെയ്തിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ അടിസ്ഥാനമാക്കി 'ഭാര്‍ഗവീനിലയം' റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും 'നീലവെളിച്ച'ത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. എ. വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് 'നീലവെളിച്ചം' നിര്‍മ്മിക്കുന്നത്. സജിന്‍ അലി പുലാക്കല്‍, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
Content Highlights: ms baburaj's family against songs used in neelavelicham movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..